പാകിസ്താനിൽ ഏഴുവർഷം മുമ്പ് കാണാതായ മകനെ യാചകരുടെ കൂട്ടത്തിൽ നിന്ന് കണ്ടെത്തി അമ്മ
text_fieldsറാവൽപിണ്ഡി: ഏഴുവർഷം മുമ്പ് കാണാതായ മകനെ കണ്ടെത്തിയ സന്തോഷത്തിലാണ് പാകിസ്താനിലെ അമ്മ. ഏറെ വൈകാരികമായിരുന്നു ഇരുവരുടെയും പുനഃസമാഗമം. 2016ലാണ് മുസ്തകീം ഖാലിദിനെ കാണാതായത്. റാവൽപിണ്ഡിയിലെ തഹിൽ മൊഹ്‍രി ചൗക്കിൽ ഒരുപറ്റം യാചകരുടെ കൂട്ടത്തിലാണ് ഷഹീൻ അഖ്തർ സ്വന്തം മകനെ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന മുസ്‍തകീം പൊലീസിലായിരുന്നു ജോലി ചെയ്തിരുന്നത്.
മുസ്തകീമിനെ കണ്ടെത്തിയശേഷം യാചകരുടെ കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവരുടെ പരിസരം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.യാചനക്കിടെ മുസ്തകീം നിരവധി തവണ ശാരീരിക പീഡനങ്ങൾക്കിരയായതായി കണ്ടെത്തിയിട്ടുണ്ട്. ടൈഫോയ്ഡ് ബാധിച്ചതുമുതലാണ് മുസ്തകീമിന് മാനസികാസ്വസ്ഥ്യം തുടങ്ങിയത്.
2016ൽ കാണാതായപ്പോൾ മാതാവ് പരാതി നൽകിയിരുന്നു. കടുത്ത വിഷാദം ബാധിച്ച മകൻവീടുവിട്ടു പോയി എന്നായിരുന്നു പരാതി. സാധാരണ ഇടക്കിടെ ഇങ്ങനെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാറുണ്ട് മുസ്തകീം. അന്നെല്ലാം നാട്ടുകാർ മടക്കിക്കൊണ്ടുവരാറായിരുന്നു പതിവ്. എന്നാൽ ഇക്കുറി മുസ്തകീം വീട്ടിൽ തിരിച്ചെത്തിയില്ല; അന്നുമാത്രമല്ല, പിന്നീടൊരിക്കലും.
യാചകരുടെ സംഘത്തിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണുണ്ടായിരുന്നത്. ഇവരിൽ മൂന്നുപേർ സഹോദരി സഹോദരൻമാരാണ് ഇവരെന്നും പൊലീസ് കണ്ടെത്തി. അവർ മുസ്തകീമിനെയും നിർബന്ധിച്ച് സംഘത്തിൽ ചേർക്കുകയായിരുന്നു. മകനെ തിരിച്ചറിഞ്ഞപ്പോൾ ഷഹീൻ മുസ്തകീമിനെ ആലിംഗനം ചെയ്തു. എന്നാൽ കൂട്ടത്തിലുണ്ടായിരുന്നവർ അവരെ മർദിച്ചു. ഇവർക്കെതിരെ മുസ്തകീമിനെ തട്ടിക്കൊണ്ടുപോയതിനും യാചന നടത്തിച്ചതിനും കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.