പാകിസ്താനിൽ ഫ്രഞ്ച് വിരുദ്ധ ആഭ്യന്തര കലാപം; സമൂഹമാധ്യമങ്ങൾക്ക് വിലക്ക്
text_fieldsഇസ്ലാമാബാദ്: ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടർന്ന് പാകിസ്താനിൽ സമൂഹമാധ്യമങ്ങൾക്ക് സർക്കാർ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി.
ഏതാനും നാളുകളായി രാജ്യത്ത് ഉയർന്നുവന്ന ഫ്രഞ്ച് വിരുദ്ധ വികാരമാണ് ആഭ്യന്തര കലാപത്തിലേക്ക് വഴിവെച്ചത്. ഇൻസ്റ്റൻറ് മെസേജിങ് പ്ലാറ്റ്ഫോമുകള്‍ക്കും താല്‍ക്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്സാപ്പ്, യൂട്യൂബ്, ടെലഗ്രാം എന്നിവക്കാണ് ആഭ്യന്തര മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്. പ്രവാചകെൻറ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച മാസികക്ക് അനുകൂലമായി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവല്‍ മാക്രോൺ നിലപാട് സ്വീകരിച്ചതു മുതല്‍ ഫ്രഞ്ച് വിരുദ്ധവികാരം പാകിസ്താനില്‍ ശക്തമായിരുന്നു. ഫ്രഞ്ച് അംബാസഡറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷ പാർട്ടിയായ തഹ്രീകെ ലബ്ബൈക് പാകിസ്താൻ രംഗത്തുവന്നിരുന്നു.
തുടർന്ന് പാർട്ടി നേതാവായ സഅദ് റിസ്വിയെ അറസ്റ്റ് ചെയ്യുകയും ടി.എൽ.പിയെ രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് രാജ്യത്തെമ്പാടും ആഭ്യന്തര കലാപങ്ങൾ മൂർച്ഛിച്ചത്. ടി.എൽ.പി പ്രവർത്തകർ പ്രധാന റോഡുകൾ തടയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
വിവിധ റാലികൾ അക്രമാസക്തമായതിനെ തുടർന്ന് രണ്ട് പൊലീസുകാർ കൊല്ലപ്പെടുകയും െചയ്തിരുന്നു. അതേസമയം, തങ്ങളുടെ പൗരൻമാരോടും സ്ഥാപനങ്ങളോടും പാകിസ്താൻ വിടാൻ ഫ്രഞ്ച് എംബസി നിർദേശം നൽകിക്കഴിഞ്ഞു. ആക്രമണ സാധ്യത മുന്നിൽ കണ്ടാണിത്. പാക് വിദേശകാര്യ വക്താവും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ റാലികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതും ആളുകളെ കൂട്ടിച്ചേർക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെയായതിനാലാണ് സമൂഹമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.