പാക് താലിബാന് തിരിച്ചടി നൽകി സൈന്യം; 33 തീവ്രവാദികളെ വധിച്ചു
text_fieldsപെഷാവർ: പൊലീസ് സ്റ്റേഷൻ കൈയടക്കി ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ പാക് താലിബാൻ തീവ്രവാദികൾക്ക് തിരിച്ചടി നൽകി പാകിസ്താൻ സൈന്യം. പ്രത്യേക സൈനിക നീക്കത്തിലൂടെ 33 തീവ്രവാദികളെയും കൊലപ്പെടുത്തുകയും ബന്ദികളാക്കിയ പൊലീസുകാരെ മോചിപ്പിക്കുകയും ചെയ്തു. രണ്ടു സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ബാനുവിലാണ് പാക് പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ പാക് താലിബാൻ തീവ്രവാദി എ.കെ 47 തോക്ക് തട്ടിത്തെറിപ്പിച്ച് രക്ഷപ്പെടുകയും കൂട്ടാളികളെ മോചിപ്പിക്കുകയും ചെയ്തത്. തുടർന്ന് ഇവർ സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുക്കുകയും പൊലീസുകാരെ ബന്ദികളാക്കുകയും ചെയ്തു. നയതന്ത്ര ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് സൈന്യം പ്രത്യേക ഓപറേഷൻ നടത്തിയത്.
തങ്ങൾക്ക് സുരക്ഷിതമായി വടക്കൻ വസീറിസ്താനിലേക്ക് രക്ഷപ്പെടാൻ ഹെലികോപ്ടർ നൽകണമെന്ന തീവ്രവാദികളുടെ ആവശ്യം സൈന്യം അംഗീകരിച്ചില്ല. 15 മിനിറ്റിനകം ഭീകരരെ പൂർണമായി വകവരുത്താൻ കഴിഞ്ഞതായി പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫ് പാർലമെന്റിനെ അറിയിച്ചു.
രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് രണ്ടു പൊലീസുകാരെ തീവ്രവാദികൾ വധിച്ചിരുന്നു. ബാനു മേഖലയിൽ അരക്ഷിതാവസ്ഥ അവസാനിച്ചിട്ടില്ല. സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. മൊബൈൽ ഫോൺ, ഇന്റർനെറ്റ് ബന്ധവും തടസ്സപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.