പാകിസ്താൻ ചീഞ്ഞ ഗോതമ്പ് തന്നു, ഇന്ത്യ തന്നത് നല്ല ഗോതമ്പ് -താലിബാൻ നേതാവ് -VIDEO
text_fieldsകാബൂൾ: ഗോതമ്പിനെ ചൊല്ലി ഇന്ത്യയെ പ്രശംസിക്കുകയും പാകിസ്താനെ വിമർശിക്കുകയും ചെയ്ത് താലിബാൻ നേതാവ്. യു.എൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരുരാജ്യങ്ങളും അഫ്ഗാനിസ്താന് ഗോതമ്പ് നൽകിയത്. എന്നാൽ, ഗുണനിലവാരം കുറഞ്ഞ ഗോതമ്പാണ് പാകിസ്താൻ നൽകിയതെന്നും തിന്നാൻ കൊള്ളില്ലെന്നുമാണ് താലിബാൻ ഉദ്യോഗസ്ഥൻ വാർത്താസമ്മേളനത്തിൽ പറയുന്നത്. അതേസമയം, ഇന്ത്യ നൽകിയ ഗോതമ്പിന്റെ ഗുണനിലവാരത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ വൈറലായതോടെ ഇന്ത്യ, പാക്, അഫ്ഗാൻ പൗരൻമാർ ഗോതമ്പിനെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വാക്പോരും തുടങ്ങി.
കെട്ടതും ഉപയോഗശൂന്യവുമായ ഗോതമ്പാണ് പാകിസ്താൻ അഫ്ഗാനിസ്താനിലേക്ക് കയറ്റി അയച്ചതെന്നാണ് താലിബാൻ ആരോപണം. 'ഈ ഗോതമ്പ് ഭക്ഷണത്തിന് ഉപയോഗിക്കാൻ സാധിക്കില്ല. ആരോഗ്യത്തിന് വളരെ ദോഷകരമായിരിക്കും. ഇന്ത്യ അഫ്ഗാനിസ്താനിലേക്ക് കയറ്റി അയച്ചത് മികച്ച ഗോതമ്പാണ്' -താലിബാൻ ഉദ്യോഗസ്ഥന്റെ വീഡിയോയിൽ പറയുന്നു. അഫ്ഗാൻ മാധ്യമ പ്രവർത്തകൻ അബ്ദുൽഹഖ് ഉമരിയാണ് വിഡിയോ ട്വീറ്റ് ചെയ്തത്.
"അഫ്ഗാൻ ജനതയ്‌ക്ക് തുടർച്ചയായ പിന്തുണ നൽകുന്ന ഇന്ത്യക്ക് നന്ദി. ജനങ്ങളുമായുള്ള സൗഹൃദ ബന്ധങ്ങൾ എന്നെന്നേക്കുമായി നിലനിൽക്കും. ജയ് ഹിന്ദ്" -ഹംദുല്ല അർബാബ് ട്വീറ്റ് ചെയ്തു. "പാകിസ്താൻ അഫ്ഗാനിസ്താന് നൽകിയ ഗോതമ്പ് മുഴുവൻ ഉപയോഗിക്കാനാകാതെ ചീഞ്ഞഴുകിയിരിക്കുന്നു. ഇന്ത്യ എപ്പോഴും അഫ്ഗാനിസ്താനെ സഹായിച്ചിട്ടുണ്ട്' എന്നാണ് നജീബ് ഫർഹോദിസ് എന്ന മറ്റൊരാളുടെ കമന്റ്.
അതേസമയം, വാർത്താസമ്മേളനം നടത്തിയ താലിബാൻ ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കിയതായി 'ദി പ്രിന്റ്' റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായമായി പാകിസ്താൻ വഴി 50,000 മെട്രിക് ടൺ ഗോതമ്പ് അയക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. 2500 മെട്രിക് ടൺ കഴിഞ്ഞ മാസം അയച്ചിരുന്നു. 2,000 മെട്രിക് ടൺ ഗോതമ്പുമായി രണ്ടാമത്തെ വാഹനവ്യൂഹം വ്യാഴാഴ്ച അമൃത്സറിലെ അട്ടാരിയിൽ നിന്ന് അഫ്ഗാനിസ്താനിലെ ജലാലാബാദിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമാണ് ഗോതമ്പ് വിതരണം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.