പാക് പോളിങ് കഴിഞ്ഞു; വിവിധ സ്ഥലങ്ങളിൽ അക്രമം, നാല് പൊലീസുകാർ കൊല്ലപ്പെട്ടു
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ അക്രമസംഭവങ്ങൾക്കിടെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ നടന്ന വോട്ടെടുപ്പിന്റെ ഫലം വെള്ളിയാഴ്ച രാവിലെയോടെ അറിയാനാകാം. ആദ്യ സൂചനകൾ വ്യാഴാഴ്ച രാത്രിതന്നെ പുറത്തുവരും. മുൻ പ്രധാനമന്ത്രിമാരായ നവാസ് ശരീഫ് നയിക്കുന്ന പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്), ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി, മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ മകനും മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭുട്ടോയുടെ പാകിസ്താൻ പീപ്ൾസ് പാർട്ടി എന്നിവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.
ജയിലിലുള്ള ഇംറാൻ ഖാനും പാർട്ടിയിലെ പ്രമുഖർക്കും മത്സരിക്കാൻ അനുമതി ലഭിച്ചില്ല. 90,582 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചത്. 13 കോടി വോട്ടർമാരാണ് 16ാമത് നാഷനൽ അസംബ്ലിയിലേക്ക് 266 എം.പിമാരെ തെരഞ്ഞെടുക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 134 സീറ്റ് വേണം. 167 അംഗീകൃത രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർഥികളും സ്വതന്ത്രരുമായി പാർലമെന്റിലേക്ക് 5121 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇവരിൽ 4806 പേർ പുരുഷന്മാരും 312 പേർ വനിതകളും രണ്ട് പേർ ഭിന്നലിംഗത്തിൽപ്പെട്ടവരുമാണ്.
ഏറ്റവും കൂടുതൽ യുവ വോട്ടർമാരുള്ളതും ഇത്തവണയാണ്. 6.9 കോടി പുരുഷ വോട്ടർമാരും 5.9 കോടി സ്ത്രീ വോട്ടർമാരുമാണുള്ളത്. 2018ൽ 51.9 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പാർലമെന്റിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നീ നാല് പ്രവിശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഖൈബർ പഖ്തൂൻഖ്വയിൽ വ്യാഴാഴ്ച നാല് പൊലീസുകാർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷ മുൻനിർത്തി രാജ്യത്ത് വ്യാഴാഴ്ച മൊബൈൽ ഇന്റർനെറ്റ് ബന്ധവും തടസ്സപ്പെടുത്തിയിരുന്നു. ഇറാൻ, അഫ്ഗാനിസ്താൻ അതിർത്തികളും അടച്ചു. ബുധനാഴ്ച ബലൂചിസ്താൻ പ്രവിശ്യയിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.