എന്താണ് തോഷാഖാന കേസ്? ഇംറാൻ ഖാൻ പിഴയടക്കേണ്ടത് 150 കോടി പാകിസ്താൻ രൂപ
text_fieldsഇസ്ലാമാബാദ്: ജീവിതം സപ്തതിയിലേക്ക് പ്രവേശിക്കുമ്പോൾ ഇംറാൻ ഖാന് കാരാഗൃഹയോഗം മാത്രമല്ല; ഒരു രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യംകൂടിയാണ്. കഴിഞ്ഞ ആഗസ്റ്റിൽ അറസ്റ്റിലായപ്പോൾ തന്നെ പ്രതീക്ഷിച്ചതാണിത്.
സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമൊക്കെ അവർക്ക് വിദേശത്തുനിന്ന് കിട്ടുന്ന നയതന്ത്ര സമ്മാനങ്ങൾ സർക്കാറിന് പതിച്ചുനൽകുന്നൊരു പരിപാടിയുണ്ട് പാകിസ്താനിൽ. അതിനായി അവിടെ പ്രത്യേകമൊരു ട്രഷറിയുമുണ്ട് -തോഷാഖാന. തനിക്ക് കിട്ടിയ സമ്മാനങ്ങൾ പൂർണമായും ഇംറാൻ തോഷാഖാനയിലേക്ക് നൽകിയില്ലെന്നും ആ വകയിൽ 14 കോടി പാകിസ്താൻ രൂപയുടെ അഴിമതി നടത്തിയെന്നും ആരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനാണ് അദ്ദേഹത്തിനെതിരെ ആദ്യം കേസെടുത്തത്.
പതിനായിരം കോടിയുടെ അഴിമതി ഇടപാട് നടത്തിയ മറ്റു രാഷ്ട്രീയ നേതാക്കൾപോലും നേരിട്ടിട്ടില്ലാത്ത നിയമവ്യവഹാരമാണ് ഇംറാനുമേൽ വന്നുപതിച്ചത്. ഒരു കാരണവശാലും ഇംറാനെ വെറുതെ വിടരുതെന്ന് നേരത്തേ തീരുമാനിച്ചുറപ്പിച്ചപോലെ. ജയിൽശിക്ഷയും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യതയും ഉറപ്പാക്കിയാണ് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയിൽനിന്ന് മടങ്ങിയത്.
അതിൽപിന്നെ, അദ്ദേഹം പഞ്ചാബ് പ്രവിശ്യയിലെ അത്തോക്ക് ജയിലിലാണ്. 96മുതൽ രാഷ്ട്രീയത്തിലുണ്ടെങ്കിലും ഇംറാൻ തരംഗം ദൃശ്യമായത് 2011ലെ ലാഹോർ റാലിയോടെയായിരുന്നു. പിന്നീട് അതൊരു ജനകീയ പ്രസ്ഥാനമായി വളരുകയും ചെയ്തു. ആ തരംഗമിപ്പോൾ രാഷ്ട്രീയ പ്രതിയോഗികളുടെ ഗൂഢാലോചനയിൽ അസ്തമിക്കുകയാണ്.
രണ്ടു ദിവസത്തിനിടെ രണ്ടാമതും ജയിൽ ശിക്ഷ
പൊതുതെരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കിനിൽക്കെയാണ് പാക് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് രണ്ടു ദിവസത്തിനിടെ രണ്ടാമതും ജയിൽ ശിക്ഷ വിധിച്ചത്. തോഷാഖാന കേസിൽ ഇംറാനെയും ഭാര്യ ബുഷറ ബീവിയെയും 14 വർഷമാണ് കോടതി ശിക്ഷിച്ചത്. ഔദ്യോഗിക രേഖകൾ പരസ്യപ്പെടുത്തിയ സൈഫർ കേസിൽ ഇംറാനെയും പാകിസ്താൻ തഹ്രീകെ ഇൻസാഫ് ഉപാധ്യക്ഷൻ ഷാ മഹ്മൂദ് ഖുറൈശിയെയും ചൊവ്വാഴ്ച 10 വർഷം ശിക്ഷിച്ചിരുന്നു. മറ്റൊരു കേസിൽ മൂന്നുവർഷ തടവ് അനുഭവിക്കുന്നതിനിടെയാണ് ഇംറാന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി കോടതി വിധി. ജയിൽ ശിക്ഷക്കു പുറമെ 150 കോടി പാകിസ്താൻ രൂപ (44 കോടി രൂപ) പിഴയും ഒടുക്കണം. കഴിഞ്ഞ ആഗസ്റ്റിൽ അറസ്റ്റിലായശേഷം റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇംറാൻ ഖാൻ. ബുഷറ ബീവിയും ബുധനാഴ്ച കീഴടങ്ങിയിട്ടുണ്ട്.
തോഷാഖാന കേസ്
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലപിടിച്ച സമ്മാനങ്ങൾ അനധികൃതമായി സൂക്ഷിച്ച കേസിലാണ് നടപടി. സമ്മാനങ്ങൾ സൂക്ഷിക്കാനുള്ള ഔദ്യോഗിക വകുപ്പായ തോഷാഖാനയിൽ ഏൽപിക്കണമെന്നാണ് വ്യവസ്ഥ. ചെറിയ തുകക്കുള്ളവ മാത്രമാണ് സൂക്ഷിക്കാൻ അനുമതി. വിലയുടെ 50 ശതമാനം നൽകിയും എടുക്കാം. എന്നാൽ, വൻതുക വിലയുള്ള 108 ഉപഹാരങ്ങൾ തോഷാഖാനയിൽ ഏൽപിക്കുകയോ അറിയിക്കുകയോ ചെയ്തില്ലെന്നാണ് കേസ്
ഇനിയും എണ്ണമറ്റ കേസുകൾ
ഇംറാൻ ഖാനെതിരെ നിരവധി കേസുകളിലാണ് നടപടി പുരോഗമിക്കുന്നത്. വാഷിങ്ടണിലെ അംബാസഡർ കൈമാറിയ ഔദ്യോഗിക രേഖ പൊതുവേദിയിൽ പരസ്യമാക്കിയെന്ന സൈഫർ കേസാണ് ഒന്നാമത്തേത്. 2018ൽ പ്രധാനമന്ത്രിയായിരിക്കെ മൂന്നാം ഭാര്യയുടെ പേരിലുള്ള അൽഖാദിർ ചാരിറ്റബ്ൾ ട്രസ്റ്റ് വഴി കൈക്കൂലിയായി 200 കോടിയിലേറെ രൂപ വിലയുള്ള ഭൂമി കൈപ്പറ്റിയെന്നതാണ് മറ്റൊന്ന്. കഴിഞ്ഞ മേയിൽ അറസ്റ്റിലായപ്പോൾ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുടെ പേരിൽ വേറെയും ഗുരുതര കേസുകളുണ്ട്. മൊത്തം 100ലേറെ വരും കേസുകൾ.
‘എല്ലാം രാഷ്ട്രീയം’
തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഹത്യയാണെന്ന് ഇംറാൻ പറയുന്നു. തന്നെ പുറത്താക്കാൻ അമേരിക്ക ഗൂഢാലോചന നടത്തിയെന്നും സൈന്യത്തെ ഉപയോഗിക്കുന്നെന്നും പറഞ്ഞതിനു പിന്നാലെ പുറത്തുപോകേണ്ടിവരികയായിരുന്നെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.