പാകിസ്താനിലെ പ്രളയം: 119 മരണം കൂടി
text_fieldsഇസ്‍ലാമാബാദ്: പാകിസ്താനിൽ റെക്കോഡ് മഴയിലും പ്രളയത്തിലും 24 മണിക്കൂറിനിടെ 119 പേർ കൂടി മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതോടെ ജൂൺ പകുതി മുതൽ മൺസൂൺ മഴയിൽ മരിച്ചവരുടെ എണ്ണം 1033 ആയി.
300ലധികം കുട്ടികൾ മരിച്ചു. സിന്ധിൽ 347, ബലൂചിസ്താൻ 238, ഖൈബർ പഖ്തൂൺഖ്വ 226, പഞ്ചാബ് 168, പാക് അധീന കശ്മീർ 38, ഗിൽജിത്-ബാൾട്ടിസ്ഥാൻ 15, ഇസ്‍ലാമാബാദ് ഒന്ന് എന്നിങ്ങനെയാണ് മരണസംഖ്യ. 1527 പേർക്ക് പരിക്കേറ്റു. 10 ലക്ഷം വീടുകളും 170 കടകളും രണ്ട് ദശലക്ഷം ഏക്കറിലെ വിളകളും 3,451 കിലോമീറ്റർ റോഡുകളും നശിച്ചു.
149 പാലങ്ങൾ ഒലിച്ചുപോയി. 7.20 ലക്ഷം വളർത്തുമൃഗങ്ങളെയും നഷ്ടപ്പെട്ടു. ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. ഈ വർഷം ചില പ്രദേശങ്ങളിൽ ശരാശരിയേക്കാൾ 600 ശതമാനം കൂടുതലാണ് മഴ. ഉയർന്നതും വെള്ളപ്പൊക്കം ബാധിക്കാത്തതുമായ പ്രദേശങ്ങളിലേക്ക് ജനങ്ങൾ മാറുകയാണ്.
രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ഖൈബർ പഖ്തൂൺഖ്വ, തെക്ക്-കിഴക്ക് ഭാഗത്തുള്ള സിന്ധ് പ്രവിശ്യകളെയാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്. 3.3 കോടി ജനങ്ങളെ പ്രളയക്കെടുതി ബാധിച്ചതായി പാകിസ്താൻ പ്രധാനമന്ത്രി ശെഹ്ബാസ് ശെരീഫ് പറഞ്ഞു. മഴക്കെടുതിയിൽ 400 കോടി ഡോളറിന്റെ കാർഷിക നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.