പ്രളയത്തിൽ പകച്ച് പാകിസ്താൻ; ജൂൺ മുതൽ മരണം ആയിരത്തിനടുത്ത്
text_fieldsഇസ്‍ലാമാബാദ്: പാകിസ്താനിൽ ദശകത്തിനിടെയുള്ള ഏറ്റവും വലിയ പ്രളയത്തിൽ മരണം ആയിരത്തോടടുക്കുന്നു. ജൂൺ പകുതി മുതൽ തകർത്തുപെയ്യുന്ന മഴയിൽ ശനിയാഴ്ച വരെ 982 മരണമാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച മാത്രം 45 പേർ മരിക്കുകയും 113 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 3.3 കോടി ജനങ്ങളെ പ്രളയം ബാധിച്ചതായി ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾക്ക് സൈന്യം രംഗത്തുണ്ട്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ പ്രളയം കാര്യമായി ബാധിച്ചു. 3161 കിലോമീറ്റർ റോഡ് തകരാറിലായി. 149 പാലം ഒഴുകിപ്പോയി. ഏഴുലക്ഷത്തോളം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. 110 ജില്ലകളിലെ 57 ലക്ഷത്തിലധികം പേർക്ക് വീടുവിടേണ്ടിവന്നു. സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളെയാണ് കാര്യമായി ബാധിച്ചത്. നിരവധി സ്ഥലങ്ങളിൽ റെയിൽ ഗതാഗതം നിർത്തിവെച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മൺസൂൺകാല മഴയാണ് രാജ്യത്തെ പ്രളയക്കെടുതിയിലേക്ക് തള്ളിയിട്ടത്.
ദുരിതകാലം മറികടക്കാൻ സുഹൃദ് രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടാൻ പാകിസ്താൻ ഭരണകൂടം തീരുമാനിച്ചു. പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, ഹൈകമീഷണർമാർ എന്നിവരുടെ യോഗം വിളിച്ച് രാജ്യത്തെ സ്ഥിതി വിശദീകരിച്ചു. 2010- 11 കാലയളവിലാണ് മുമ്പ് പാകിസ്താനിൽ കടുത്ത പ്രളയമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.