സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് പാകിസ്താൻ
text_fieldsഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുന്നതിനിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് പാകിസ്താൻ. ലിറ്ററിന് 35 രൂപ വീതമാണ് ഉയർത്തിയത്. പാകിസ്താൻ രൂപയുടെ വിലയിടിവും വിദേശനാണ്യക്കമ്മിയുമാണ് വില കുത്തനെ വർധിപ്പിക്കാൻ കാരണം.
ഓയിൽ ആൻഡ് ഗ്യാസ് അധികൃതരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകൾ വർധിപ്പിച്ചതെന്ന് പാകിസ്താൻ ധനമന്ത്രി ഇസ്ഹാഖ് ദർ പറഞ്ഞു. നിരക്ക് കുത്തനെ കൂട്ടിയതോടെ പെട്രോൾ ലിറ്ററിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമായതായി പാകിസ്താൻ ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ 11 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. കൂടാതെ മണ്ണെണ്ണയുടെയും ലൈറ്റ് ഡീസൽ ഓയിലിന്റേയും വിലയും വർധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 18 രൂപയാണ് വർധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതോടെ മണ്ണെണ്ണക്ക് 189.83 രൂപയും ലൈറ്റ് ഡീസൽ ഓയിലിന് 187 രൂപയുമാണ് പുതിയ വില. വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നതിനിടെയാണ് ഇന്ധന വിലയും കുത്തനെ കൂട്ടിയത്.
ഗോതമ്പിനും തേയിലക്കും സവാളക്കും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം രാജ്യത്ത് തീവിലയാണ്. കൃത്രിമ ക്ഷാമവും ഇന്ധനം പൂഴ്ത്തിവെക്കലും വ്യാപകമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി വില വർധിപ്പിക്കാൻ ശുപാർശ ചെയ്തതെന്നും അത്തരം സാഹചര്യങ്ങളെ ഇതിലൂടെ ചെറുക്കാനാകുമെന്നും ദറിനെ ഉദ്ധരിച്ച് വാർത്ത ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.