ഇംറാൻ ഖാനും ഭാര്യക്കും രാജ്യം വിടുന്നതിൽനിന്ന് വിലക്ക്
text_fieldsഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിൽനിന്ന് വിലക്കി പാകിസ്താൻ. ഇംറാന്‍റെ ഭാര്യ ബുഷ്റ ബീബിയെയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ 80 നേതാക്കളെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖാസിം സൂരി, അസദ് ഉമർ, അസദ് ഖൈസർ, അസ്‌ലം ഇഖ്ബാൽ, യാസ്മിൻ റാഷിദ്, മുറാദ് സയീദ്, മാലിക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹർ തുടങ്ങിയ നേതാക്കളാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും എക്‌സിറ്റ് പോയിന്റുകളിലും ഈ വ്യക്തികളുടെ പേരുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്.
പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രതിരോധ മന്ത്രി ഖാജ ആസിഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. മേയ് ഒമ്പതിന് ഇംറാൻ ഖാനെ അർധസൈനിക വിഭാഗമായ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും സൈനിക ആസ്ഥാനത്തിനുനേരെ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ആക്രമണങ്ങളെ അപലപിക്കാൻ ഇംറാൻ ഖാൻ ഇപ്പോഴും തയാറാകുന്നില്ലെന്ന് ഖാജ ആസിഫ് പറഞ്ഞിരുന്നു.
അതേസമയം, പാകിസ്താനിൽ അപ്രഖ്യാപിത പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ആരോപിച്ചു. വിവിധ പ്രവിശ്യകളിൽ ആർട്ടിക്ക്ൾ 245 ഏർപ്പെടുത്തിയതിനെതിരെ അദ്ദേഹം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ആർട്ടിക്ക്ൾ 245 പ്രകാരം, സിവിൽ ഭരണകൂടത്തെ സഹായിക്കാൻ സൈന്യത്തെ ഏത് സമയത്തും വിളിക്കാവുന്നതാണ്. പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്താൻ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിലാണ് ഈ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. 1952ലെ സൈനിക നിയമപ്രകാരം പൗരന്മാരെ അറസ്റ്റ് ചെയ്യുന്നതും കുറ്റാന്വേഷണം നടത്തുന്നതും വിചാരണ ചെയ്യുന്നതും നിയമ വിരുദ്ധമാണെന്ന് ഇംറാൻ ഖാൻ ഹരജിയിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.