ഇംറാൻ ഖാന്റെ പി.ടി.ഐ നിരോധിക്കാനൊരുങ്ങി പാക് സർക്കാർ
text_fieldsഇസ്‍ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടിയെ (പി.ടി.ഐ) നിരോധിക്കുമെന്ന് പാകിസ്താൻ സർക്കാർ. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ചാണ് നീക്കം. പാർട്ടിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വാർത്താവിനിമയ വകുപ്പ് മന്ത്രി അത്താഉല്ല തരാർ പറഞ്ഞു. ഇംറാൻ ഖാൻ, പാർട്ടി സ്ഥാപകനേതാവും മുൻ പാക് പ്രസിഡന്റുമായ ആരിഫ് അൽവി, ഖാസിം സൂരി എന്നിവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാനും സർക്കാർ തീരുമാനിച്ചു.
വിദേശ ഫണ്ടിങ് കേസ്, ഇംറാൻഖാന്റെ അറസ്റ്റിനെ തുടർന്ന് കഴിഞ്ഞ വർഷം മേയ് ഒമ്പതിന് നടന്ന കലാപം, ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തൽ കേസ് (സൈഫർ) തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ പാർട്ടിയെ നിരോധിക്കാൻ വ്യക്തമായ തെളിവുണ്ടെന്ന് തരാർ പറഞ്ഞു. തഹ്‍രീകെ ഇൻസാഫ് പാർട്ടിയുമായി രാജ്യത്തിന് മുന്നോട്ടുപോകാനാവില്ല. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള പാകിസ്താന്റെ കരാർ അട്ടിമറിക്കാൻ പി.ടി.ഐ നേതാക്കൾ ശ്രമിച്ചു. രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി രാജ്യത്തിന്റെ നയതത്ര ബന്ധങ്ങൾ ഇല്ലാതാക്കാൻ നേതാക്കൾ ഇടപെട്ടതായും പാകിസ്താനെതിരെ യു.എസിൽ പ്രമേയം പസാക്കാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞയാഴ്ച സുപ്രീംകോടതി ഇംറാന്റെ പാർട്ടിക്ക് ദേശീയ അസംബ്ലിയിലും നാല് പ്രവിശ്യ അസംബ്ലികളിലും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും സംവരണം ചെയ്ത സീറ്റുകൾക്ക് അർഹതയുണ്ടെന്ന് സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ഇതോടെ 109 സീറ്റുകളുമായി പി.ടി.ഐ ദേശീയ അസംബ്ലിയിലെ ഏറ്റവും വലിയ കക്ഷിയായി മാറും. കൂടാതെ കഴിഞ്ഞദിവസം വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഇംറാൻ ഖാനെയും ഭാര്യയെയും കോടതി കുറ്റമുക്തരാക്കുകയും ചെയ്തു. ഈ വിധികൾക്ക് പിന്നാലെയാണ് പാർട്ടിയെ നിരോധിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
നിരോധന നീക്കത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പി.ടി.ഐ രംഗത്തെത്തി. സംവരണ സീറ്റ് സംബന്ധിച്ച കോടതി വിധിയിൽ പരിഭ്രാന്തിപൂണ്ടാണ് സർക്കാർ പാർട്ടിയെ നിരോധിക്കാൻ നീക്കം നടത്തുന്നതെന്ന് പി.ടി.ഐ നേതാവ് അലി സഫർ പറഞ്ഞു. സർക്കാറിന്റെ നിരാശയാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിരോധന നീക്കം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംവരണ സീറ്റ് വിധിക്കെതിരെ പാകിസ്താൻ മുസ്‍ലിം ലീഗ് -നവാസ് (പി.എം.എൽ -എൻ) സുപ്രീം കോടതിയിൽ ഹരജി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.