തീവ്രവാദ ആക്രമണങ്ങളിൽ വലഞ്ഞ് പാകിസ്താൻ; കഴിഞ്ഞ മാസം മാത്രം കൊല്ലപ്പെട്ടത് 112 പേർ
text_fieldsഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും ഭീകരാക്രമണങ്ങളിൽ വലഞ്ഞ് പാകിസ്താൻ. നിരവധി പേരാണ് കഴിഞ്ഞമാസങ്ങളിൽ രാജ്യത്തുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ മാത്രം രാജ്യത്തുടനീളം 99 ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു.
2014 നവംബറിന് ശേഷം ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിൽ 112 പേർ മരിക്കുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ വർഷം ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റിൽ 83 ശതമാനത്തിന്റെ വർധനവാണുണ്ടായത്. 2023 ലെ ആദ്യ എട്ട് മാസങ്ങളിൽ രാജ്യം 22 ചാവേർ ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
അതിൽ 227 പേർ കൊല്ലപ്പെടുകയും 497 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്ഥാനും മുൻ ഫെഡറൽ അഡ്മിനിസ്‌റ്റേർഡ് ട്രൈബൽ ഏരിയയും ആഗസ്റ്റിൽ ഏറ്റവും കൂടുതൽ തീവ്രവാദി ആക്രമണം ബാധിച്ച പ്രദേശങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബലൂചിസ്ഥാനിൽ തീവ്രവാദി ആക്രമണങ്ങളിൽ 65ശതമാനം വർധനവുണ്ടായി,
നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത തെഹ്‍രികെ താലിബാൻ പാകിസ്താനും അതിന്റെ വിവിധ ഗ്രൂപ്പുകളുമാണ് ആക്രമണങ്ങൾക്കു പിന്നിൽ. സിന്ധ് പ്രവിശ്യയിലും തീവ്രവാദ ആക്രമണങ്ങളിൽ വർധനയുണ്ടായതായി പഠനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.