തോഷഖാന കേസിൽ ജാമ്യം, പിന്നാലെ മറ്റൊരു കേസിൽ അറസ്റ്റിൽ; ജയിൽമോചിതനാകാൻ ഇമ്രാൻ ഖാന് കാത്തിരിക്കണം
text_fieldsഇസ്‍ലാമബാദ്: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജാമ്യം ലഭിച്ച് മണിക്കൂറുകൾക്കകം മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു. തോഷഖാന അഴിമതി കേസിൽ ബുധനാഴ്ച ഇസ്‍ലാമാബാദ് ഹൈകോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ കലാപാഹ്വാനത്തിന് റാവൽപിണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. രണ്ട് ഡസനിലേറെ കേസുകളിൽ കൂടി ജാമ്യം ലഭിച്ചാലേ ഇമ്രാനു ജയിലിൽ നിന്നിറങ്ങാനാവൂ. മുൻ പ്രധാനമന്ത്രിക്കെതിരെ ഇസ്‍ലാമാബാദിൽ 62ഉം ലഹോറിൽ54 ഉം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിലവിൽ റാവൽപിണ്ടിയിലെ അതിസുരക്ഷയുള്ള അദിയാല ജയിലിൽ തടവിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. ജയിലിൽ കസ്റ്റഡിയിൽ കഴിയുമ്പോൾ സെപ്റ്റംബർ 28ന് ഇമ്രാൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു സംഭവത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറയുന്നു. പിന്നാലെ അരങ്ങേറിയ പ്രബഹുജന പ്രക്ഷോഭത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് അക്രമങ്ങൾ അരങ്ങേറി. പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തെന്നും അധികൃതർ പറയുന്നു.
തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. തനിക്കെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഇമ്രാൻ ഖാനും അദ്ദേഹത്തിന്‍റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫും (പി.ടി.ഐ) ആവർത്തിച്ച് അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി അദ്ദേഹത്തെ ദുർബലപ്പെടുത്താനുള്ള പ്രചാരണത്തിന്‍റെ ഭാഗമാണ് നിയമനടപടികളെന്ന് പി.ടി.ഐ വാദിക്കുന്നു. ഒരു വർഷത്തിലേറെയായി തടവിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.