പാകിസ്താനിലെ ബലൂചിസ്താനിൽ ഇരട്ട സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു
text_fieldsകറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫിസുകൾ ലക്ഷ്യമിട്ട് നടന്ന ഇരട്ട സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. 42ലധികം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനം.
പിഷിൻ ജില്ലയിൽ സ്വതന്ത്ര സ്ഥാനാർഥി അസ്ഫന്ദ്യാർ ഖാൻ കാക്കറുടെ ഓഫിസിനു പുറത്താണ് ആദ്യം സ്ഫോടനം നടന്നത്. 17 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു മറിക്കൂറിനുശേഷം കില്ല അബ്ദുല്ല മേഖലയിൽ ജാമിയത്ത് ഉലമ ഇസ്ലാം പാകിസ്താന്‍റെ തെരഞ്ഞെടുപ്പ് ഓഫിസിനു മുന്നിൽ നടന്ന സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്വതന്ത്ര സ്ഥാനാർഥിയുടെ ഓഫിസിനു മുന്നിൽ ഉപേക്ഷിച്ച ബാഗിലെ സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് ബലൂചിസ്താനിലെ മുതർന്ന പൊലീസ് ഉദ്യോഗസ്ഥൻ അബ്ദുല്ല സെഹ്രി അറിയിച്ചു. പരിക്കേറ്റ ഏതാനും പേരുടെ നില അതീവ ഗുരുതരമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് പൊലീസ് വ്യക്തമാക്കി.
ഇരട്ട സ്ഫോടനം നടന്നതായി പാകിസ്താൻ തെരഞ്ഞടുപ്പ് കമീഷനും സ്ഥിരീകരിച്ചു. സ്ഫോടനത്തിനു പിന്നാലെ ബലൂചിസ്താൻ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.