ജാദവിന് ഹൈകോടതിയിൽ അപ്പീൽ നൽകാൻ നാലു മാസം കൂടി
text_fieldsഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുൽഭൂഷൺ ജാദവിന് ഹൈകോടതിയിൽ അപ്പീൽ നൽകാൻ നാലു മാസം കൂടി സമയം അനുവദിച്ച് പാകിസ്താൻ പാർലമെൻറ് ഓർഡിനൻസിറക്കി. അപ്പീൽ നൽകാൻ അന്താരാഷ്്ട്ര നീതിന്യായ കോടതി നിർദേശിച്ച തീയതി നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം. 2017 ഏപ്രിലിലാണ് 50കാരനായ ജാദവിനെ സൈനിക കോടതി ശിക്ഷിച്ചത്. വധശിക്ഷക്കെതിരെ ഇന്ത്യ അന്താരാഷ്്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.
ജാദവിനുവേണ്ടി വാദിക്കാൻ അഭിഭാഷകനെ നിയോഗിക്കുന്നതിന് ഇന്ത്യക്ക് അവസരം നൽകണമെന്ന് സർക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ജാദവുമായി ബന്ധപ്പെടാൻ ഇന്ത്യൻ നയതന്ത്ര ഓഫിസിന് നേരത്തെ പാകിസ്താൻ അനുമതി നൽകുകയും ഉദ്യോഗസ്ഥർ അദ്ദേഹത്തെ കാണുകയും ചെയ്തിരുന്നു. ഫലപ്രദമായ കൂടിക്കാഴ്ചക്ക് പാകിസ്താൻ സൗകര്യമൊരുക്കിയില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പിന്നീട് വ്യക്തമാക്കി. നാവിക ഉദ്യോഗസ്ഥനായിരുന്ന ജാദവിനെ ബലൂചിസ്താനിൽനിന്ന് 2016 മാർച്ച് മൂന്നിനാണ് സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.