കോവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് ഐക്യദാർഢ്യവുമായി പാക് പ്രാധാനമന്ത്രി ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യക്ക് ഐക്യദാർഢ്യവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇന്ത്യയിൽ കോവിഡ് ബാധിതരായ എല്ലാവരും എത്രയും വേഗം രോഗമുക്തി നേടേട്ടെയന്നും അദ്ദേഹം ആശംസിച്ചു.
'അപകടകരമായ കോവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യയിലെ ജനങ്ങളോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. അയൽരാജ്യത്തും ലോകത്താകമാനവും മഹാമാരി ബാധിച്ചവർ ഏറ്റവും വേഗത്തിൽ സുഖം പ്രാപിക്കാൻ വേണ്ടി പ്രാർഥിക്കുന്നു. മാനവികതയെ മുൻനിർത്തി ഈ ആഗോള വെല്ലുവിളിയോട് നാം പോരാടണം' -ഇംറാൻ ഖാൻ ട്വീറ്റ് ചെയ്തു.
കോവിഡിനെതിരെ പോരാടുന്ന ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്താനിൽ നിന്നുള്ള സന്നദ്ധ സംഘടനയായ 'ഈദി വെൽഫയർ ട്രസ്റ്റ്' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതിയിരുന്നു. ഇന്ത്യയെ സഹായിക്കാൻ 50 ആംബുലൻസുകളെയും മറ്റ് ജീവനക്കാരെയും അയക്കാമെന്നായിരുന്നു അവർ പറഞ്ഞത്.
ഓക്സിജൻ ക്ഷാമം മൂലം വലയുന്ന ഇന്ത്യയെ സഹായിക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനോട് പാക് ജനത അഭ്യർഥന നടത്തിയിരുന്നു. പാകിസ്താനിൽ നിന്നുള്ള പലരും ഇന്ത്യക്ക് ഓക്സിജൻ നൽകണമെന്ന ആവശ്യം ട്വിറ്ററിലൂടെയാണ് ഉന്നയിച്ചത്. 'IndiaNeedsOxygen' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു.
രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഇന്ത്യയും പാകിസ്താനും തമ്മിൽ ഉണ്ടാകും. എന്നാൽ, മനുഷ്യത്വം മുൻനിർത്തി ഇന്ത്യക്ക് സഹായം നൽകണമെന്നായിരുന്നു പാക് പൗരൻമാരുടെ ആവശ്യം.
പാകിസ്താനിലെ നഗരങ്ങളിലും കോവിഡ് അതിവേഗം പടർന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 157 മരണങ്ങൾ കൂടി ചേർത്ത് പാകിസ്താനിൽ മഹാമാരിയെ തുടർന്ന് മരിച്ചവരുടെ എണ്ണം 16,999 ആയി. പുതിയ 5908 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 7,90,016 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.