ഇന്ത്യയുമായി ചർച്ചക്ക് തയാറെന്ന് പാക് പ്രധാനമന്ത്രി; പിന്നാലെ തിരുത്തൽ
text_fieldsന്യൂഡൽഹി: കശ്മീർ അടക്കമുള്ള തർക്കവിഷയങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചക്ക് താൽപര്യം പ്രകടിപ്പിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ്. ആഭ്യന്തരസമ്മർദങ്ങളെ തുടർന്ന് ഈ നിലപാട് അദ്ദേഹം മണിക്കൂറുകൾക്കകം തിരുത്തി. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 2019ലെ നിയമവിരുദ്ധ നടപടി പിൻവലിക്കാതെ ഇന്ത്യയുമായി ചർച്ച സാധ്യമല്ലെന്ന് പ്രധാനമന്ത്രി കാര്യാലയം തിരുത്തൽ പ്രസ്താവനയിൽ വിശദീകരിച്ചു.
ദുബൈയിലെ അൽ-അറബിയ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശരീഫ് ചർച്ചാ താൽപര്യം പ്രകടിപ്പിച്ചത്. നമുക്ക് മുഖാമുഖം ഇരിക്കാം. കശ്മീർ പോലെയുള്ള പ്രശ്നവിഷയങ്ങൾ പരിഹരിക്കാൻ ഗൗരവപൂർവം, ആത്മാർഥമായി ചർച്ച നടത്താം -അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് ചർച്ചകൾ പുനരാരംഭിക്കുന്നതിന് യു.എ.ഇക്ക് പ്രധാന പങ്ക് നിർവഹിക്കാൻ കഴിയുമെന്നും ശരീഫ് അഭിപ്രായപ്പെട്ടു.
പകലും രാത്രിയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുകയാണ് കശ്മീരിൽ. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം ഭരണഘടനാവകുപ്പ് എടുത്തുകളഞ്ഞ് ആ സംസ്ഥാനം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റി. ന്യൂനപക്ഷങ്ങളെ നിരന്തരം പീഡിപ്പിക്കുന്നു. വിശദാംശങ്ങളിലേക്ക് പോകുന്നില്ല. ഇത് അവസാനിക്കണം. സമാധാനത്തിന് ഇന്ത്യയും പാകിസ്താനും തയാറാണെന്ന സന്ദേശം ലോകത്തിന് നൽകാൻ കഴിയണം.
ഇന്ത്യയും പാകിസ്താനും അയൽക്കാരാണ്, ഒന്നിച്ചുകഴിയേണ്ടവർ. സമാധാനത്തോടെ ജീവിച്ച് പുരോഗതിയുണ്ടാക്കണോ കലഹിച്ച് പണവും സമയവും പാഴാക്കണോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയുമായി പാകിസ്താൻ മൂന്നു യുദ്ധം നടത്തി. ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും വരുത്തിവെക്കാൻ മാത്രമാണ് അതുകൊണ്ടു കഴിഞ്ഞത്. രണ്ടു രാജ്യങ്ങളും ആണവശക്തികളാണ്. പ്രഹരിക്കാൻ തക്ക ശക്തിയുണ്ട്. ഒരു യുദ്ധമെങ്ങാൻ ഉണ്ടായാൽ, എന്തു സംഭവിച്ചുവെന്ന് പറയാൻ ആരാണ് ജീവിച്ചിരിക്കുക?
മൂന്നു യുദ്ധങ്ങളിൽനിന്ന് പാകിസ്താൻ പാഠം പഠിച്ചു. ന്യായമായ വിഷയങ്ങൾ പരിഹരിച്ചുകൊണ്ട് സമാധാനത്തിൽ കഴിയണമെന്ന് പാകിസ്താൻ ആഗ്രഹിക്കുന്നു. ദാരിദ്ര്യം അകറ്റണം, പുരോഗതി നേടണം. ജനങ്ങൾക്ക് വിദ്യാഭ്യാസവും ചികിത്സയും തൊഴിലും നൽകണം. ബോംബിനും പടക്കോപ്പിനുമെല്ലാം പണം പാഴാക്കരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകണമെന്ന് താൻ ആഗ്രഹിക്കുന്ന സന്ദേശം ഇതാണ്. സഹവർത്തിത്വത്തിലാണ് ലോകത്തിന്റെതന്നെ നിലനിൽപെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ശരീഫിന്റെ പരാമർശങ്ങൾക്കെതിരെ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടിയായ തഹ്രീകെ ഇൻസാഫും മറ്റും രംഗത്തിറങ്ങി. ഇതേതുടർന്നാണ് ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതെ ചർച്ച സാധ്യമല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫിസ് തിരുത്തൽ പ്രസ്താവന ഇറക്കിയത്. യു.എൻ പ്രമേയങ്ങൾക്കും ജമ്മു-കശ്മീർ ജനതയുടെ അഭിലാഷങ്ങൾക്കും അനുസൃതമായിവേണം കശ്മീർതർക്കം പരിഹരിക്കാനെന്നും ശരീഫിന്റെ ഓഫിസ് വിശദീകരിച്ചു.
ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകുന്ന 370ാം ഭരണഘടനാവകുപ്പ് എടുത്തുകളഞ്ഞ് ആ സംസ്ഥാനം രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി മാറ്റിയതോടെയാണ് ഇന്ത്യ-പാക് ബന്ധം മൂക്കുകുത്തിയത്. ഇന്ത്യയുമായി നയതന്ത്രബന്ധം കുറച്ച് ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ പുറത്താക്കുന്നതടക്കം ശക്തമായ പ്രതികരണമാണ് ഇതേതുടർന്ന് പാകിസ്താനിൽനിന്ന് ഉണ്ടായത്. വ്യാപാരബന്ധവും മരവിച്ചു. ജമ്മു-കശ്മീരിനെക്കുറിച്ച് പറയാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്ന നിലപാട് ഇന്ത്യ പലവട്ടം വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.