പാകിസ്താനിൽ ഇംറാൻ ഖാന്‍റെ സഹോദരിമാർ അറസ്റ്റിൽ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തഹരീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) നേതാവുമായ ഇംറാൻ ഖാന്‍റെ സഹോദരിമാർ അറസ്റ്റിൽ. പാർട്ടി പ്രവർത്തകർക്കൊപ്പം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത അലീമ ഖാനെയും ഉസ്മ ഖാനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭരണഘടന ഭേദഗതികൾക്കെതിരെയും ഇംറാൻ ഖാനെ ജയിൽ മോചിതനാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇസ്ലാമാബാദിലെ ഡി ചൗക്കിൽ പി.ടി.ഐ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഇംറാന്‍റെ സഹോദരിമാർ അടക്കം അറസ്റ്റിലായവരെ സെക്രട്ടറിയേറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റ് വാർത്ത പി.ടി.ഐയാണ് എക്സിലൂടെ അറിയിച്ചത്.
നിയമവിരുദ്ധ അധികാരം നിലനിർത്താൻ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഹനിക്കുന്ന സർക്കാർ ഫാഷിസത്തിന്‍റെ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് പി.ടി.ഐ കുറ്റപ്പെടുത്തി. പൗരന്മാരുടെ മൗലികാവകാശങ്ങൾ പൂർണമായി കവർന്നെടുക്കപ്പെട്ട, ഫാഷിസ്റ്റ് ഭരണത്തിന് കീഴിലുള്ള പാകിസ്താന്‍റെ അവസ്ഥയാണിത്. അറസ്റ്റിലായവർ വ്യാജ സർക്കാറിന്‍റെ പരിഭ്രാന്തിയുടെ ഇരയാണെന്നും പി.ടി.ഐ വ്യക്തമാക്കി.
രാഷ്ട്രീയ സമ്മേളനങ്ങൾക്കും പ്രതിഷേധങ്ങൾക്കും റാലികൾക്കും നാല് നഗരങ്ങളിൽ നിരോധനം ഏർപ്പെടുത്തിയ പഞ്ചാബ് സർക്കാർ ക്രമസമാധാനപാലനത്തിന് റേഞ്ചേഴ്സ് സേനാംഗങ്ങളെ വിന്യസിച്ചിട്ടുള്ളത്. ലാഹോർ, റാവൽപിണ്ടി. അത്തോക്ക്, സർഗോദ എന്നിവിടങ്ങളിലാണ് സെക്ഷൻ 144 പ്രകാരം നിരോധനം ഏർപ്പെടുത്തിയത്.
ലാഹോറിൽ റേഞ്ചേഴ്സിന്‍റെ മൂന്ന് കമ്പനികളെയാണ് വിന്യസിച്ചിട്ടുള്ളത്. റാവൽപിണ്ടി. അത്തോക്ക്, സർഗോദ എന്നിവിടങ്ങളിൽ ഒക്ടോബർ നാല് മുതൽ ആറു വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.