വേട്ടയാടൽ തുടരുന്നു;ഇംറാൻ ഖാൻ പാർട്ടി നേതാവ് അറസ്റ്റിൽ
text_fieldsഇസ്‍ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ തഹരീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) മുതിർന്ന നേതാവ് അറസ്റ്റിൽ. ഇൻഫർമേഷൻ സെക്രട്ടറി റൗഫ് ഹസനെയാണ് പാർട്ടി ആസ്ഥാനത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഇസ്‍ലാമാബാദിലെ പാർട്ടി ആസ്ഥാനം റെയ്ഡ് ചെയ്താണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഏതൊക്കെ കേസുകളാണ് ഹസനെതിരെ ചുമത്തിയിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. ആഴ്ചകൾക്കുമുമ്പ് ഹസൻ അജ്ഞാതരുടെ ആക്രമണത്തിന് ഇരയായിരുന്നു. പൊലീസ് നീക്കത്തെ വിമർശിച്ച് പാർട്ടി നേതൃത്വം രംഗത്തെത്തി. രാജ്യത്തെ നിയമങ്ങളെ പൊലീസ് പരിഹസിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് തികച്ചും ലജ്ജാകരമാണെന്നും പാകിസ്താൻ ഭരിക്കുന്നത് കാട്ടുനിയമങ്ങളാണെന്നും ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിൽ പാർട്ടി കുറിച്ചു. പാർട്ടി ഓഫിസിൽ കയറി വിലപ്പെട്ട രേഖകളും കമ്പ്യൂട്ടറുകളും പൊലീസ് എടുത്തുകൊണ്ടുപോയതായി പി.ടി.ഐ നേതാവ് ഖുറം ഷേർ സമാൻ ആരോപിച്ചു.
വെള്ളിയാഴ്ച പി.ടി.ഐ അന്താരാഷ്ട്ര മാധ്യമ കോഓഡിനേറ്റർ അഹമ്മദ് വഖാസ് ജാൻജുവയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റെയ്ഡും അറസ്റ്റും. ഭീകര വിരുദ്ധ കോടതിയിൽ ഹാജരാക്കിയ ജാൻജുവയെ ഏഴുദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.