ഇംറാൻ ഖാന് തിരിച്ചടി; അവിശ്വാസ പ്രമേയം റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പാക് സുപ്രീംകോടതി
text_fieldsഇസ്‍ലാമാബാദ്: പാകിസ്താനിൽ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പാക് സുപ്രീംകോടതി. ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെ റൂളിങ് പ്രഥമദൃഷ്ട്യാ ഭരണഘടനയുടെ ആർട്ടിക്ക്ൾ 95ന്‍റെ ലംഘനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി റദ്ദാക്കിയ ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ അധ്യക്ഷനായ അഞ്ചംഗ വിപുല ബെഞ്ച്, അസംബ്ലി പുനഃസ്ഥാപിക്കാനും ഉത്തരവിട്ടു. കൂടാതെ, ഇംറാൻ ഖാൻ സർക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അനുമതി നൽകിയ കോടതി, ശനിയാഴ്ച വോട്ടെടുപ്പ് നടത്തണമെന്നും ഉത്തരവിട്ടു. രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവ് അസാധുവാണെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചു.
നിലവിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് യുക്തമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദേശീയ അസംബ്ലി പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റും പ്രധാനമന്ത്രിയും കൊണ്ടു വരുന്ന ഏതൊരു ഉത്തരവിന്റെയും നടപടിക്രമത്തിന്റെയും ഭാവി കോടതി ഉത്തരവിന് അനുസരിച്ചായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഞായറാഴ്ച പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ പാർലമെന്റിൽ പ്രതിപക്ഷ കൂട്ടായ്മ കൊണ്ടുവന്ന അവിശ്വാസ പ്രമേയം, വിദേശകരങ്ങളാൽ പ്രേരിതമായ നീക്കമെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്പീക്കർ തള്ളിയിരുന്നു. ഇതിനു പിന്നാലെ, പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇംറാൻ പ്രസിഡന്റിനോട് ശിപാർശ ചെയ്യുകയുമുണ്ടായി. അവിശ്വാസം തള്ളിയ നടപടിക്കെതിരെ അന്നുതന്നെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് നാഷനൽ അസംബ്ലിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. അവിശ്വാസപ്രമേയം പാസാക്കാൻ പ്രതിപക്ഷത്തിന് വിമതരുടെ വോട്ട് നിർണായകമാണ്. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ)യിലെ 24 അംഗങ്ങളാണ് കൂറുമാറിയത്.
342 അംഗ നാഷനൽ അസംബ്ലിയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും. പി.ടി.ഐക്ക് 155 അംഗങ്ങളാണുള്ളത്. പ്രസിഡന്റ് ആൽവി, സുപ്രീംകോടതി ബാർ അസോസിയേഷൻ, മുഴുവൻ രാഷ്ട്രീയ പാർട്ടികൾ എന്നിവരാണ് കേസിലെ എതിർ കക്ഷികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.