പാക്നായകൻ ബാബർ അസം പീഡിപ്പിച്ചെന്ന് ആരോപണവുമായി യുവതി
text_fieldsഇസ്‍ലാമാബാദ്: പാക് ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ലൈംഗികാരോപണവുമായി യുവതി. 10 വർഷത്തോളമായി വിവാഹ വാഗ്ദാനം നൽകി അസം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. പ്രത്യേകം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലൂടെയാണ് യുവതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. 'സ്കൂളിൽ ബാബർ അസമിന്‍റെ സഹപാഠിയായിരുന്നു താൻ. 10 വർഷത്തോളമായി വിവാഹ വാഗ്ദാനം നൽകി ബാബർ അസം പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ക്രിക്കറ്റിലെ സൂപ്പർതാരമായി വളർന്നതോടെ അസം വാക്കുമാറ്റുകയായിരുന്നു'-യുവതി പറയുന്നു.
2010ൽതന്നെ തങ്ങൾ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് യുവതിയുടെ അവകാശവാദം. മുമ്പ് സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന അസമിനെ സഹായിച്ചിരുന്നത് താനാണ്. പരാതിയുമായി പൊലീസിനെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ ബാബർ തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും യുവതി പറഞ്ഞു.
പാക്കിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവർത്തകനായ സാജ് സാദിഖ് ട്വിറ്ററിലൂടെ യുവതിയുടെ വാർത്താസമ്മേളനത്തിന്‍റെ ചില ഭാഗങ്ങൾ പുറത്തുവിട്ടു. 'എന്നെ വിവാഹം ചെയ്യാമെന്ന് ബാബർ അസം ഉറപ്പു നൽകിയിരുന്നു. അയാൾ എന്നെ ഗർഭിണിയാക്കി. ശാരീരികമായി ഉപദ്രവിച്ചു. ഭീഷണിപ്പെടുത്തുകയും അയാളുടെ ഇംഗിതങ്ങൾക്ക് വിധേയയാക്കുകയും ചെയ്തു'– യുവതിയുടെ വെളിപ്പെടുത്തലുകൾ സാജ് സാദിഖ് ട്വീറ്റ് ചെയ്തു. നിലവിൽ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ടീമിനൊപ്പമാണ് ബാബർ അസം. ഈ വർഷം തുടക്കത്തിൽ, ബാബറിനെ കളിയുടെ മൂന്ന് ഫോർമാറ്റുകൾക്കും പാക് നായകനായി തിരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.