പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന പാകിസ്താനിൽ മൊബൈൽ സേവനങ്ങൾക്ക് നിരോധനം
text_fieldsഇസ്ലാമാബാദ്: പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പാകിസ്താനിൽ മൊബൈൽ സേവനങ്ങൾക്ക് നിരോധനം. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലെ താൽകാലിക സർക്കാർ മൊബൈൽ സേവനങ്ങൾക്ക് താൽകാലിക നിരോധനം ഏർപ്പെടുത്തിയത്. കൂടാതെ, സുരക്ഷ മുൻനിർത്തി ഇറാൻ, അഫ്ഗാനിസ്താൻ അതിർത്തികളും അടച്ചിട്ടുണ്ട്.
ഭീകര പ്രവർത്തനങ്ങൾ രാജ്യസുരക്ഷയെ തകർത്തെന്നും നിരവധി ജീവനെടുതെന്നും വാർത്താകുറിപ്പിൽ പാക് ഭരണകൂടം ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരെ പ്രതിരോധ നടപടികൾ വേണമെന്ന ആവശ്യം രാജ്യത്ത് ഉയർന്നിട്ടുണ്ടെന്നും ഭരണകൂടം വ്യക്തമാക്കി.
പാകിസ്താൻ പാർലമെന്റിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നീ നാല് പ്രവിശ്യ നിയമനിർമാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 കോടി വോട്ടർമാരാണ് 16-ാമത് നാഷണൽ അസംബ്ലിയിലേക്ക് 266 എം.പിമാരെ തെരഞ്ഞെടുക്കുന്നത്. 134 സീറ്റാണ് കേവല ഭൂരിപക്ഷം.
167 അംഗീകൃത രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർഥികളും സ്വതന്ത്രരുമായി പാർലമെന്റിലേക്ക് 5121 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇവരിൽ 4806 പേർ പുരുഷൻമാരും 312 പേർ വനിതകളും രണ്ട് പേർ ഭിന്നലിംഗത്തിൽപ്പെട്ടവരുമാണ്. ഏറ്റവും കൂടുതൽ യുവ വോട്ടർമാരുള്ളതും ഇത്തവണയാണ്. 6.9 കോടി പുരുഷ വോട്ടർമാരും 5.9 കോടി സ്ത്രീ വോട്ടർമാരുമാണുള്ളത്. 2018ൽ 51.9 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് വിദേശത്ത് പ്രവാസത്തിൽ കഴിഞ്ഞ പാകിസ്താൻ മുസ്ലിം ലീഗിലെ നവാസ് ശരീഫും പാകിസ്താൻ പീപ്ൾസ് പാർട്ടി നേതാവും ബേനസീർ ഭുട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരിയും തമ്മിലാണ് പ്രധാന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.