പാപ്പരാകാതിരിക്കാൻ ഐ.എം.എഫ് നിബന്ധനകൾ പാകിസ്താൻ അംഗീകരിക്കും
text_fieldsഇസ്‍ലാമാബാദ്: വായ്പാപദ്ധതിക്കായി അന്താരാഷ്ട്ര നാണയനിധി പാകിസ്താന് മുന്നിൽവെച്ചത് കടുത്ത നിബന്ധനകൾ. നിബന്ധനകളെ ‘സങ്കൽപത്തിനപ്പുറത്തുള്ളത്’ എന്നാണ് പാക് പ്രധാനമന്ത്രി ശഹബാസ് ശരീഫ് വിശേഷിപ്പിച്ചത്. വൈദ്യുതിനിരക്ക് വർധിപ്പിക്കുക, ഗ്യാസ് വില അന്താരാഷ്ട്ര വിലക്കനുസൃതമാക്കുക, വിനിമയനിരക്ക് വിപണിയുടെ സ്വാഭാവിക പ്രവർത്തനത്തിന് വിട്ടുകൊടുക്കുക, സബ്സിഡികൾ വെട്ടിക്കുറക്കുക, പൊതുചെലവ് കുറക്കുക തുടങ്ങിയ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നേരിടേണ്ട സർക്കാറിന് ഇത് നടപ്പാക്കുക വെല്ലുവിളിയാണ്. എന്നാൽ, വൻ സാമ്പത്തിക പ്രതിസന്ധിയിൽ ഐ.എം.എഫിന്റെ വായ്പ ലഭ്യമാക്കൽ അനിവാര്യവുമാണ്.
2019ൽ പാകിസ്താൻ അന്താരാഷ്ട്ര നാണയനിധിയിൽനിന്ന് 600 കോടി ഡോളർ വായ്പയെടുത്തിരുന്നു. കഴിഞ്ഞ വർഷം 100 കോടി ഡോളർകൂടി എടുത്തു. 100 കോടി ഡോളർകൂടി ലഭ്യമാക്കാനാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. രാജ്യം പാപ്പരാകുന്ന അവസ്ഥയിൽ സുഹൃദ് രാജ്യങ്ങളുടെ സഹായം ലഭ്യമാക്കാൻ ഭരണകൂടം ശ്രമിച്ചെങ്കിലും ഇതുവരെ വാഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ല. ഐ.എം.എഫ് നിബന്ധനകൾ അംഗീകരിക്കാൻ നിർബന്ധിതരാകുമെന്ന് പ്രധാനമന്ത്രി ടെലിവിഷനിൽ പറഞ്ഞു.
വിനിമയനിരക്കിൽ സർക്കാർ ഇടപെടലിൽനിന്ന് പിൻവാങ്ങിയതോടെ പാക് രൂപയുടെ മൂല്യം കൂപ്പുകുത്തിയിരുന്നു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന ജനതക്കു മേലാണ് നിരക്കുവർധനകളുടെ അധികഭാരം.
കഴിഞ്ഞ ദിവസം പെട്രോൾ, ഡീസൽ വില ലിറ്ററിന് 35 രൂപയാണ് വർധിപ്പിച്ചത്. വായ്പ സംബന്ധിച്ച ചർച്ചകൾക്കായി ഐ.എം.എഫ് പ്രതിനിധികൾ ചൊവ്വാഴ്ച മുതൽ പാകിസ്താനിലുണ്ട്. ലോകത്തിലെ അഞ്ചാമത്തെ കൂടുതൽ ജനസംഖ്യയുള്ള രാജ്യം എക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.
വിദേശനാണ്യ കരുതൽ ശേഖരം 310 കോടി ഡോളറായി ചുരുങ്ങി. മൂന്നാഴ്ചത്തെ ഇറക്കുമതിക്കേ ഇത് തികയൂ എന്നാണ് വിദഗ്ധർ പറയുന്നത്. ഇറക്കുമതി പ്രതിസന്ധിയിലായാൽ ഭക്ഷ്യക്ഷാമവും പട്ടിണിയുമാകും ഫലം. പണപ്പെരുപ്പം 48 വർഷത്തെ ഉയർന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.