അഫ്ഗാനിസ്ഥാനുള്ള ഇന്ത്യൻ സഹായത്തിന് വഴിയൊരുക്കി പാകിസ്താൻ
text_fieldsഅഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സഖ്യസേനയുടെ അധിനിവേശം ഒഴിഞ്ഞിട്ട് മാസങ്ങൾ പിന്നിടുന്നു. യുദ്ധക്കെടുതികളാൽ പൊറുതി മുട്ടിയിരുന്ന രാജ്യത്തിന് ഇന്ത്യ മാനുഷിക സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയുടെ സഹായ ഹസ്തം പാകിസ്താൻ വഴിയുള്ള കരമാർഗ്ഗത്തിലൂടെ എത്തിക്കാൻ തന്‍റെ സർക്കാർ അനുവദിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. സഹായമെത്തിക്കുന്നതിന് പാകിസ്താൻ അനുമതി വൈകുന്നതിൽ ഇന്ത്യ പ്രതിഷേധിച്ചിരുന്നു.
അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള എട്ട് രാജ്യങ്ങളുടെ പ്രാദേശിക സുരക്ഷാ ചർച്ചയിൽ ഉൾപ്പെടെ വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. 50,000 മെട്രിക് ടൺ ഗോതമ്പ് ആണ് ഇന്ത്യ പാകിസ്താൻ വഴി അയക്കുക. ഇതിന് അനുമതി നൽകി കഴിഞ്ഞതായി പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ചികിത്സക്കായി ഇന്ത്യയിലേക്ക് പോയി അവിടെ കുടുങ്ങിക്കിടക്കുന്ന അഫ്ഗാൻ രോഗികളുടെ മടങ്ങിവരവ് സുഗമമാക്കാനും തീരുമാനമായിട്ടുണ്ട്.പാകിസ്താന്റെ പ്രഖ്യാപനത്തോട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. നവംബർ 11ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി, സഹായം കൈമാറുന്നതിനുള്ള എല്ലാ സാധ്യതകളും ഇന്ത്യ നോക്കുകയാണെന്ന് പറഞ്ഞിരുന്നു.
ആഗസ്ത് 15നാണ് താലിബാൻ അഫ്ഗാനിസ്താൻ ഭരണം തിരിച്ചു പിടിക്കുന്നത്. ഒക്ടോബർ 20ന് റഷ്യയിൽ നടന്ന മോസ്കോ ഫോർമാറ്റ് കോൺഫറൻസിൽ താലിബാൻ ഉപപ്രധാനമന്ത്രി അബ്ദുൽ സലാം ഹനഫിയുമായി വിദേശകാര്യ മന്ത്രാലയ പ്രതിനിധി സംഘം ചർച്ച നടത്തുകയും ഗോതമ്പും മറ്റ് മെഡിക്കൽ സപ്ലൈകളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.