യു.കെയിൽ ഇന്ത്യൻ റസ്റ്റാറന്റ് മാനേജരെ കൊലപ്പെടുത്തിയ കേസിൽ പാക് വംശജന് ജീവപര്യന്തം
text_fieldsലണ്ടൻ: തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിൽ വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ മോഷ്ടിച്ച ലാൻഡ് റോവർ കാർ ഉപയോഗിച്ച് ഇന്ത്യൻ റസ്റ്റാറന്റ് മാനേജരെ കൊലപ്പെടുത്തിയ കേസിൽ പാക് വംശജന് ജീവപര്യന്തം തടവ്.
റീഡിങ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിലാണ് വിഗ്നേഷ് പട്ടാഭിരാമനെ (36) കൊലപ്പെടുത്തിയ കേസിൽ പാക് വംശജനായ ഷസേബ് ഖാലിദ് (25) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ വർഷം ഫെബ്രുവരി 14ന് മനപ്പൂർവം കാറിടിച്ച് വിഗ്നേഷിനെ കൊലപ്പെടുത്തുകയായിരുന്നു. റോയൽ ബെർക്‌ഷെയർ ഹോസ്പിറ്റലിൽ വെച്ച് വിഗ്നേഷ് മരിക്കുകയും കൊലപാതക അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അനധികൃത കുടിയേറ്റക്കാരെ നിയമിക്കുന്ന റസ്റ്റാറന്റിനെക്കുറിച്ച് അന്വേഷണം നടത്താൻ പ്രേരിപ്പിച്ചതിന് ഉത്തരവാദി വിഗ്നേഷാണെന്ന തെറ്റായ വിശ്വാസത്തിലാണ് അദ്ദേഹത്തെ ഷാസേബ് കൊലപ്പെടുത്തിയതെന്ന് തേംസ് വാലി പൊലീസിലെ മേജർ ക്രൈം യൂനിറ്റ് സീനിയർ ഇൻവെസ്റ്റിഗേറ്റിങ് ഓഫിസർ സ്റ്റുവർട്ട് ബ്രാംഗ്വിൻ പറഞ്ഞു. ഖാലിദിന് ലഭിച്ച ശിക്ഷയിൽ താൻ സന്തുഷ്ടനാണ്. ഇന്ന് വിധിച്ച ശിക്ഷ വിഗ്നേഷിന്റെ കുടുംബത്തിന് അൽപ്പം ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
വാഹനമിടിച്ച് തലയ്ക്കേറ്റ ക്ഷതത്തെ തുടർന്നാണ് പട്ടാഭിരാമൻ മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായതായി ജൂറി പറഞ്ഞു. ഫെബ്രുവരി 19ന് ഖാലിദിനെ അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. കേസിൽ അറസ്റ്റിലായ സോയിഹീം ഹുസൈൻ, മിയ റെയ്‌ലി എന്നിവരും വിചാരണയിൽ ഹാജരായിരുന്നു. കുറ്റവാളിയെ സഹായിച്ചതിന് സോയിഹീം ഹുസൈനെ നാല് വർഷം തടവിന് ശിക്ഷിച്ചു. റെയ്‌ലി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.