'ഇന്ത്യക്കാർക്കിടയിലെ ഏക പാകിസ്ഥാനി താൻ; ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് പെരുമാറുന്നത്'-വിദ്യാർഥിനി
text_fieldsഇസ്‌ലാമാബാദ്: റഷ്യയുടെ സൈനിക അധിനിവേശത്തെത്തുടർന്ന് ദുരിതത്തിലായ തങ്ങളെ ഒഴിപ്പിക്കാൻ പാകിസ്ഥാൻ ഭരണകൂടം ഒന്നും ചെയ്തില്ലെന്ന് ഉക്രെയ്‌നിൽ നിന്ന് മടങ്ങിയെത്തിയ പാകിസ്ഥാൻ വിദ്യാർഥി മിഷ അർഷാദ്. യുക്രൈനിലെ നാഷണല്‍ എയറോസ്‌പേസ് സര്‍വകലാശാലാ വിദ്യാര്‍ഥിനിയാണ് മിഷ. പാക് എംബസിക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഇവർ ഉന്നയിക്കുന്നത്. റഷ്യ യുക്രൈനെതിരെ യുദ്ധം ആരംഭിച്ചിട്ടും അവിടെക്കുടുങ്ങിയ പാക് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താന്‍ എംബസി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് മിഷ പാകിസ്താനി ദിനപത്രം ഡോണിനോടു പറഞ്ഞു.
ഞങ്ങൾ പാക്കിസ്ഥാന്റെ ഭാവിയാണെന്നും ദുഷ്‌കരമായ ഈ സമയത്ത് അവർ ഞങ്ങളോട് പെരുമാറിയത് ഇങ്ങനെയാണെന്നും' അവർ പറഞ്ഞു. റഷ്യയുടെ സൈനിക അധിനിവേശം ആരംഭിച്ചപ്പോൾ യൂനിവേഴ്സിറ്റി അധികൃതർ അപ്പാർട്ടുമെന്റുകളിൽ താമസിച്ചിരുന്ന വിദ്യാർഥികളെ ഹോസ്റ്റൽ ബേസ്‌മെന്റുകളിലേക്ക് മാറ്റിയെന്ന് യുക്രെയ്‌നിലെ തന്റെ അനുഭവം വിവരിച്ചുകൊണ്ട് അവർ ഡോണിനോട് പറഞ്ഞു. യുക്രൈനില്‍നിന്നുള്ളവരെ കൂടാതെ നൈജീരിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള 120ഓളം വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്നത്. രാവും പകലും വ്യോമാക്രമണം നടന്നിരുന്നതിനാല്‍, അവിടെനിന്ന് പുറത്തേക്ക് ഇറങ്ങാനോ മറ്റെവിടേക്ക് എങ്കിലും പോകാനോ സാധിക്കുമായിരുന്നില്ല- മിഷ കൂട്ടിച്ചേര്‍ത്തു.
പിന്നീട് യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യന്‍ എംബസിയാണ് സഹായിച്ചതെന്നും മിഷ പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറന്‍ യുക്രൈനിലെ ടെര്‍ണോപില്‍ നഗരത്തിലെത്തിയതെന്നും മിഷ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിദ്യാര്‍ഥികളാല്‍ നിറഞ്ഞ ബസിലെ ഏക പാകിസ്താനി താന്‍ ആയിരുന്നെന്നും മിഷ പറഞ്ഞു.
ഉക്രെയ്‌നിലെ വിവിധ ചെക്ക്‌പോസ്റ്റുകൾ സുരക്ഷിതമായി കടക്കാൻ തങ്ങളെയും ചില പാകിസ്ഥാൻ, തുർക്കി വിദ്യാർഥികളേയും സഹായിച്ചത് ഇന്ത്യയുടെ ത്രിവർണ്ണ പതാകയാണെന്ന് യുക്രെയ്‌നിൽ നിന്ന് റൊമാനിയയിലെ ബുക്കാറെസ്റ്റ് നഗരത്തിലെത്തിയ വിദ്യാർഥികൾ പറഞ്ഞിരുന്നു. ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി യുക്രെയ്‌നിന്റെ അയൽരാജ്യങ്ങൾ കേന്ദ്രീകരിച്ച് ഓപ്പറേഷൻ ഗംഗ എന്നപേരിൽ രാജ്യം പദ്ധതി ആവിഷ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.