പ്രവാചകന്റെ ഹാസ്യചിത്രങ്ങൾ പങ്കുവച്ചു; പാകിസ്താനിൽ യുവതിക്ക് വധശിക്ഷ
text_fieldsഇസ്‍ലാമാബാദ്: സുഹൃത്തായിരുന്ന വ്യക്തിക്ക് പ്രവാചകൻ മുഹമ്മദ് നബിയുടെ ഹാസ്യ ചിത്രങ്ങൾ അയച്ച സംഭവത്തിൽ സ്ത്രീക്ക് വധശിക്ഷ വിധിച്ച് പാകിസ്താൻ കോടതി. റാവൽപിണ്ടി കോടതിയുടെതാണ് ഉത്തരവ്. 2020ൽ ഫാറൂഖ് ഹസനത്ത് എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനിക അത്തീഖ് എന്ന സ്ത്രീയെ കോടതി കുറ്റക്കാരിയായി കണ്ടെത്തിയിരുന്നു. പ്രവാചകനെതിരെ മതനിന്ദ, ഇസ്‍ലാമിനെ അപമാനിക്കൽ, സൈബർ നിയമങ്ങളുടെ ലംഘനം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.
അനികയും ഫാറൂഖും സുഹൃത്തുക്കളായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെ പ്രതിയായ അനിക പ്രവാചകനെ നിന്ദിക്കുന്ന പ്രസ്താവനകൾ നടത്തുകയും, പ്രവാചകനെതിരായ ഹാസ്യ ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവെക്കുകയും ചെയ്തു. അനികയോട് സന്ദേശം ഡിലീറ്റ് ചെയ്യണമെന്നും തെറ്റ് ചെയ്തതിന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെയാണ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ സൈബർ വിഭാഗത്തിൽ പരാതി നൽകിയതെന്ന് ഫാറൂഖ് പറഞ്ഞു. കേസിൽ ഉടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും അനികയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം കോടതിയിൽ നടന്ന വാദ പ്രതിവാദങ്ങളിൽ പ്രതി കുറ്റം നിരസിച്ചു. പരാതിക്കരനുമായി സൗഹൃദം പുലർത്താൻ വിസമ്മതിച്ചതിന് മനപ്പൂർവ്വം തന്നെ മതപരമായ ചർച്ചയിലേക്ക് വലിച്ചിഴച്ചുവെന്നും, കേസ് ആസൂത്രിതമാണെന്നും അനിക കോടതിയിൽ പറഞ്ഞു.
1980കളിൽ അന്നത്തെ സൈനിക മേധാവിയായിരുന്ന സിയാവുൽ ഹഖ് ആണ് പാകിസ്താനിൽ മത വിദ്വേഷങ്ങൾക്കെതിരെയുള്ള നിയമങ്ങൾ കൊണ്ടുവന്നത്. രാജ്യത്ത് ഈ നിയമപ്രകാരം ആരും വധിക്കപ്പെട്ടിട്ടില്ല. എന്നാൽ മതനിന്ദ നടത്തിയെന്നാരോപിച്ച് നിരവധി പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. സിയാൽകോട്ട് നഗരത്തിലെ സ്വകാര്യ കമ്പനിയുടെ മാനേജരായി പ്രവർത്തിച്ചിരുന്ന ശ്രീലങ്ക സ്വദേശിയെ കഴിഞ്ഞ വർഷം മതനിന്ദ ആരോപിച്ച് ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.