പണപ്പെരുപ്പം കുതിക്കുന്നു; പാകിസ്താനിൽ ജനജീവിതം ദുസ്സഹം
text_fieldsഇസ്‍ലാമാബാദ്: പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുതിച്ചുയരുന്ന പാകിസ്‍താനിൽ ജനജീവിതം ദുസ്സഹമാകുന്നു. സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതത്വത്തിനെതിരെ ജനം തെരുവിലിറങ്ങിയിട്ടുണ്ട്. ശ്രീലങ്കയെയും വെനസ്വേലയെയും പോലെ, ജനസംഖ്യയിൽ ലോകത്തിലെ അഞ്ചാംസ്ഥാനത്തുള്ള പാകിസ്താനും കടക്കെണിയുടെ പിടിയിലായിട്ട് നാളുകൾ ഏറെയായി. പണപ്പെരുപ്പം 48 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. വിദേശ നാണ്യ ശേഖരം ഉപയോഗിച്ച് ഒരുമാസത്തെ ഇറക്കുമതി നടത്തുന്നു.
കഴിഞ്ഞ വർഷത്തെ വിനാശകരമായ വെള്ളപ്പൊക്കത്തിൽ നിന്നുള്ള കോടിക്കണക്കിന് നാശനഷ്ടങ്ങൾക്കുള്ള ബിൽ കുത്തനെ തുടരുന്നു, ഇത് ചൂടാകുന്ന ഗ്രഹത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ ഉയർത്തിക്കാട്ടുന്നു. വായ്പയെടുക്കാനായി അന്താരാഷ്ട്ര നാണ്യനിധിയുമായുള്ള ചർച്ചകൾ എങ്ങുമെത്തിയിട്ടില്ല. അതോടൊപ്പം പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനും തമ്മിലുള്ള ഭിന്നത് രാജ്യത്തെ കൂടുതൽ പിളർത്തിയിരിക്കുകയാണ്.
ഈ വർഷം മധ്യത്തോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. അടുത്തിടെ പെഷാവറിലുണ്ടായ ചാവേറാക്രമണത്തിൽ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താനിലും താലിബാൻ പിടിമുറുക്കുന്നതിന്റെ സൂചനയാണിത്. അതുപോലെ കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്കത്തിൽ 1300 പേരുടെ ജീവനാണ് നഷ്ടമായത്. ഇതിന്റെ കെടുതിയിൽ നിന്ന് പാകിസ്താൻ കരകയറിയിട്ടില്ല.
ഡീസൽ വിലയും രാജ്യത്ത് കുതിച്ചുയരുകയാണ്. കഴിഞ്ഞ മാസമാണ് സർക്കാർ ഡീസലിന്റെ വില 262 രൂപയായി വർധിപ്പിച്ചത്. അടിസ്ഥാന ആവശ്യങ്ങൾക്കായി വായ്പ എടുക്കേണ്ട സ്ഥിതിയിലാണ് സാധാരണക്കാർ. വൈദ്യതി ബില്ലുകളും പാചക വാതക ബില്ലുകളും കുത്തനെ ഉയരുകയാണ്. ജീവിക്കാൻ നിർവാഹമില്ലാതായതോടെ പല കുട്ടികളും സ്കൂളിൽ പോകുന്നത് നിർത്തി ജോലികൾക്ക് പോയിത്തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.