പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുശർറഫ് അന്തരിച്ചു
text_fieldsകറാച്ചി: പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുശർറഫ് (78) അന്തരിച്ചു. ദുബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 മുതൽ 2008 വരെ പാകിസ്താൻ പ്രസിഡന്റായിരുന്നു. ദീർഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ദുബൈയിലെ അമേരിക്കൻ ആശുപത്രിയിലാണ് അന്ത്യം.
1943 ആഗസ്റ്റ് 11 ഡൽഹിയിലാണ് മുശർറഫ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം കറാച്ചിയിലെ സെന്റ് പാട്രിക് ഹൈസ്കൂളിലായിരുന്നു. റോയൽ കോളജ് ഒാഫ് ഡിഫൻസ് സ്റ്റഡീസ്, പാക്കിസ്താൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലായി ഉന്നതവിദ്യാഭ്യാസം പൂർത്തീകരിച്ചു.1964ൽ പാക് സൈനിക സർവിസിലെത്തി. സ്‍പെഷൽ സർവിസ് ഗ്രൂപ്പിന്റെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1965,1971 യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. 1965ലെ ഇന്ത്യ - പാക് യുദ്ധത്തിൽ സെക്കൻഡ് ലഫ്‌റ്റനന്റായിരുന്ന മുശർറഫ്, അന്നു ഖേംകരൻ സെക്‌ടറിൽ പാക് സൈന്യത്തെ നയിച്ചു. 1971ലെ ഇന്ത്യ - പാക് യുദ്ധത്തിൽ കമാൻഡോ ബറ്റാലിയന്റെ കമ്പനി കമാൻഡറായിരുന്ന അദ്ദേഹത്തിന് അന്നു നടത്തിയ സൈനിക മുന്നേറ്റങ്ങളുടെ പേരിൽ ഉന്നത ബഹുമതികൾ ലഭിച്ചു. 1998ലാണ് ജനറൽ റാങ്കിലേക്ക് ഉയർന്നത്. പിന്നീട് സൈനിക മേധാവിയായി.
1999 ഒക്ടോബറിൽ 13ന് അധികാരം പിടിച്ചെടുത്ത മുശർറഫ് ഭീകരവാദ പ്രോത്സാഹനക്കുറ്റം ചുമത്തി നവാസ് ഷെരീഫിനെ തടവിലാക്കി. തുടർന്ന് 2001 വരെ അദ്ദേഹം പാക്കിസ്താൻ പ്രതിരോധസേനയുടെ സമ്പൂർണ മേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകി. 2001 ജൂണിൽ കരസേനമേധാവി എന്ന സ്ഥാനം നിലനിർത്തി അദ്ദേഹം പ്രസിഡന്റായി.
2007 മാർച്ചിൽ ചീഫ് ജസ്‌റ്റിസ് ഇഫ്‌തിഖാർ മുഹമ്മദ് ചൗധരിയെ പെരുമാറ്റദൂഷ്യത്തിനു പുറത്താക്കിയത് വൻ വിവാദമായി. ചീഫ് ജസ്‌റ്റിസിനെ തിരിച്ചെടുത്തുകൊണ്ടു പാക് സുപ്രീം കോടതി ഉത്തരവും പിന്നാലെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയരംഗം കലുഷിതമാക്കി. 2007 ഡിസംബറിൽ മുശർറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒടുവിൽ മുശർറഫിനെതിരെ യോജിച്ചുനീങ്ങാൻ ഷരീഫും സർദാരിയും തീരുമാനിച്ചു. 2008 പിപിപി - പിഎംഎൽ (എൻ) ഭരണസഖ്യം ദേശീയ അസംബ്ലിയിൽ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള അന്തിമഘട്ടത്തിൽ 2008 ഓഗസ്റ്റ് 18നാണ് അദ്ദേഹം രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.