രാഷ്ട്രീയ അനിശ്ചിത്വം അവസാനിപ്പിക്കാൻ പാകിസ്താനിലെ രണ്ട് പ്രധാന പാർട്ടികൾ ഇന്ന് യോഗം ചേരും
text_fieldsഇസ്‍ലാമാബാദ്: പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലായ പാകിസ്താനിൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി രണ്ട് പ്രധാന പാർട്ടികൾ തിങ്കളാഴ്ച യോഗം ചേരുന്നു. നവാസ് ശരീഫിന്റെ പി.എം.എൽ-എന്നും ബിലാവൽ ഭൂട്ടോ സർദാരി ചെയർമാനായ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുമാണ് യോഗം ചേരുന്നത്. സുപ്രധാന വിഷയങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ അന്തിമ സമവായത്തിലെത്തിയിട്ടില്ലെന്ന് ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പി.എം.എൽ-എൻ സെനറ്റർ ഇഷാഖ് ദാർ എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) മുൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ വീണ്ടും പ്രധാനമന്ത്രിയായി തീരുമാനിച്ചതിന് ശേഷമുള്ള അഞ്ചാമത്തെ ചർച്ചയാണ് തിങ്കളാഴ്ച നടക്കുന്നത്.പി.പി.പി ഉപാധികളോടെ പി.എം.എൽ-എന്നിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ ഷഹ്ബാസ് ശരീഫിന് വോട്ട് ചെയ്യുമെന്നും എന്നാൽ മന്ത്രിസഭയിൽ സ്ഥാനം ഏറ്റെടുക്കില്ലെന്നും ബിലാവൽ സർദാരി പറഞ്ഞു.
അതിനിടെ പാകിസ്താന്റെ സാമ്പത്തിക രംഗത്ത് തളർച്ച അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്. മന്ദഗതിയിലുള്ള വളർച്ചയ്ക്കും റെക്കോർഡ് പണപ്പെരുപ്പത്തിനും ഇടയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ജയിലിൽ കിടക്കുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിന്തുണയോടെ പാർലമെൻ്റിലെ സ്വതന്ത്ര അംഗങ്ങൾ നിയമസഭയിലെ ഏറ്റവും വലിയ ഗ്രൂപ്പായി മാറുന്നതോടെ പുതിയ സർക്കാരിന് കൂടുതൽ രാഷ്ട്രീയ സംഘർഷം നേരിടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.