അബ്ദുൽ റഹ്മാൻ മാക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യു.എൻ
text_fieldsന്യൂയോർക്ക്: പാകിസ്താൻ ആസ്ഥാനമായ തീവ്രവാദി സംഘടന ലശ്കറെ ത്വയ്യിബയുടെ ഉപമേധാവി അബ്ദുൽ റഹ്മാൻ മാക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യു.എൻ രക്ഷാ സമിതി. ലശ്കറെ ത്വയ്യിബ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനായ മാക്കി ലശ്കറെ ത്വയ്യിബ രാഷ്ട്രീയകാര്യ വിഭാഗം തലവനുമാണ്. സംഘടനയുടെ വിദേശകാര്യ വകുപ്പ് തലവനായും ഭരണസമിതി അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്.
മാക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയും യു.എസും യു.എന്നിൽ നടത്തിയ സംയുക്ത നീക്കം ചൈന തടഞ്ഞിരുന്നു. യു.എൻ സമിതിയിൽ ഇതുസംബന്ധിച്ച് കൊണ്ടുവന്ന പ്രമേയം പാകിസ്താനുമായി അടുപ്പമുള്ള ചൈന ആറുമാസത്തേക്ക് തടയുകയായിരുന്നു. ഇതു പിൻവലിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് രക്ഷാ സമിതിയുടെ ഉപരോധ സമിതി പ്രമേയത്തിന് അംഗീകാരം നൽകിയത്. ജമ്മു-കശ്മീരിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഇന്ത്യയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഏർപ്പെട്ടിട്ടുള്ളതായി സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യയും യു.എസും നേരത്തേ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനിൽ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിലാണ് 68 കാരനായ മാക്കിയുടെ ജനനം.
2020ൽ തീവ്രവാദത്തിന് ധനസഹായം നൽകിയതിന്റെ പേരിൽ പാകിസ്താൻ തീവ്രവാദ വിരുദ്ധ കോടതി മാക്കിക്കു തടവുശിക്ഷ വിധിച്ചിരുന്നു. മാക്കിയടക്കമുള്ള പല ലശ്കർ നേതാക്കളെയും പാകിസ്താൻ പിന്നീട് വിട്ടയച്ചു. 2008ലെ മുംബൈ ഭീകരാക്രമണം, 2000 ഡിസംബർ 22ന് നടന്ന ചെങ്കോട്ട ആക്രമണം, 2008ലെ പുതുവത്സര ദിനത്തിൽ രാംപുർ സി.ആർ.പി.എഫ് ക്യാമ്പിൽ നടന്ന ആക്രമണം, 2018 ഫെബ്രുവരിയിൽ ശ്രീനഗറിലെ കരൺ നഗറിൽ നടന്ന ആക്രമണം, 2018 മേയിൽ ബാരാമുള്ളയിലെ ഖാൻപോറയിൽ നടന്ന ആക്രമണം, 2018 ജൂണിൽ ശ്രീനഗറിൽ നടന്ന ആക്രമണം, 2018 ആഗസ്റ്റിൽ ഗുരെസ്, ബന്ദിപ്പോറ എന്നിവിടങ്ങളിൽ നടന്ന ആക്രമണം തുടങ്ങിയവയിൽ പങ്കുവഹിച്ചിരുന്നതായി സമിതി വ്യക്തമാക്കി.
നടപടി സ്വാഗതം ചെയ്ത് ഇന്ത്യ
ന്യൂഡൽഹി: അബ്ദുൽ റഹ്മാൻ മാക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എൻ രക്ഷാ സമിതി തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ഭീകരതയോട് സഹിഷ്ണുതയില്ലാത്ത സമീപനം പിന്തുടരാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ശക്തമായ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തിൽ സമ്മർദം ചെലുത്തുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. മേഖലയിൽ ഭീകരവാദ ഭീഷണികൾ ഉയർന്ന നിലയിലാണെന്നും യു.എൻ നടപടി ഇത്തരം ഭീഷണികൾ തടയുന്നതിന് ഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനക്കുവേണ്ടി ഫണ്ട് സ്വരൂപിക്കുന്നതുൾപ്പെടെ ലശ്കറെ ത്വയ്യിബയിൽ വിവിധ നേതൃപരമായ പങ്കുകൾ മാക്കി വഹിച്ചിട്ടുണ്ടെന്ന് ബാഗ്ചി പറഞ്ഞു.
അതേസമയം, ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ഭീകരതയെ ‘മനുഷ്യരാശിയുടെ പൊതു ശത്രു’ എന്ന് വിശേഷിപ്പിക്കുകയും വിപത്തിനെതിരെ നടപടിയെടുക്കുന്നതിൽ പാകിസ്താന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ബന്ധപ്പെട്ടവരെ പാകിസ്താൻ ശിക്ഷിച്ചിട്ടുണ്ട്. ഭീകരതക്കെതിരായ ഉറച്ച പോരാട്ടവും പട്ടിക കാണിക്കുന്നു. പാകിസ്താനിത് അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.