വെസ്റ്റ്ബാങ്കിൽ ‘അൽജസീറ’ ചാനൽ പൂട്ടാൻ ഉത്തരവിട്ട് ഫലസ്തീൻ അതോറിറ്റി; ഇസ്രായേൽ നീക്കത്തിന് സമാനമെന്ന് ചാനൽ
text_fieldsവെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ്ബാങ്കിലെ ‘അൽജസീറ’ ചാനലിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഫലസ്തീൻ അതോറിറ്റി. ഇസ്രായേൽ അധിനിവേശ സേന ഫലസ്തീനിൽ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ ലോകത്തിന് മുന്നിലെത്തിക്കുന്ന ചാനലിനാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇസ്രായേൽ ഭരണകൂടം ചാനലിന് എതിരെ സ്വീകരിക്കുന്ന നിലപാടിന് സമാനമാണിതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ചാനൽ അധികൃതർ ആവശ്യപ്പെട്ടു. നേരത്തെ, ഇസ്രായേലിൽ ചാനലിന് നിരോധനം ഏർപ്പെടുത്തുകയും റാമല്ലയിലെ ഓഫിസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
രാജ്യത്ത് കലഹമുണ്ടാക്കുന്ന റിപ്പോർട്ടുകൾ സംപ്രേക്ഷണം ചെയ്യുന്നതായി ആരോപിച്ചാണ് ചാനലിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഫലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര, വാർത്താവിനിമയ, സാംസ്കാരിക മന്ത്രാലയങ്ങളുടെ മന്ത്രിതല സമിതി ബുധനാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ, ഫലസ്തീൻ അതോറിറ്റിയിൽ ഭൂരിപക്ഷമുള്ള ‘ഫതഹ്’ പാർട്ടി അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ ഗവർണറേറ്റിൽ അൽ ജസീറയെ വിലക്കിയിരുന്നു. ഡിസംബർ 24 നായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് വെസ്റ്റ്ബാങ്കിൽ മുഴുവൻ വിലക്കേർപ്പെടുത്തുന്നത്.
“വെസ്റ്റ് ബാങ്കിലെ പ്രവർത്തനവും കവറേജും തടയാനുള്ള ഫലസ്തീൻ അതോറിറ്റിയുടെ തീരുമാനത്തെ അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് അപലപിക്കുന്നു. അധിനിവേശ പ്രദേശങ്ങളിൽ നടക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ചാനലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമം മാത്രമാണിത്. നിർഭാഗ്യവശാൽ റാമല്ലയിലെ അൽ ജസീറ ഓഫിസ് അടച്ചുപൂട്ടാൻ ഇസ്രായേൽ സർക്കാർ സ്വീകരിച്ച നടപടിക്ക് സമാനമായാണ് ഇത്തരമൊരു തീരുമാനം. ഉടൻ തന്നെ ഈ നീക്കം പിൻവലിക്കാനും റദ്ദാക്കാനും ഫലസ്തീൻ അതോറിറ്റി തയാറാകണം. ഭീഷണിയില്ലാതെ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്ന് സ്വതന്ത്രമായി വാർത്തകൾ നൽകാൻ മാധ്യമപ്രവർത്തകരെ അനുവദിക്കണം’ -ഖത്തർ ആസ്ഥാനമായുള്ള ചാനൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഫലസ്തീൻ അതോറിറ്റിയുടെ ഈ തീരുമാനം, വെസ്റ്റ് ബാങ്കിലെ സംഭവവികാസങ്ങളെക്കുറിച്ച് പ്രഫഷനൽ കവറേജ് തുടരാനുള്ള പ്രതിബദ്ധതയിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്നും ചാനൽ വ്യക്തമാക്കി.
മാധ്യമപ്രവർത്തകരെ കൃത്യനിർവഹണത്തിൽ നിന്ന് തടയുന്നത് അധിനിവേശ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ജെനിനിലും അഭയാർഥി ക്യാമ്പുകളിലും, നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള സത്യാവസ്ഥ ലോകം അറിയുന്നത് തടയാനുള്ള ശ്രമമാണെന്ന് അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് പ്രസ്താവനയിൽ പറഞ്ഞു. “ഗസ്സയിലെ യുദ്ധം ഇപ്പോഴും തുടരുന്ന വേളയിൽ, ഇസ്രായേൽ അധിനിവേശ സേന ഫലസ്തീനിയൻ മാധ്യമപ്രവർത്തകരെ ആസൂത്രിതമായി ലക്ഷ്യമിട്ട് കൊലപ്പെടുത്തുമ്പോൾ ഫലസ്തീൻ അതോറിറ്റിയും ഇത്തരം തീരുമാനമെടുക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. അധിനിവേശ വെസ്റ്റ് ബാങ്കിലെ തങ്ങളുടെ ജീവനക്കാരുടെ സുരക്ടൊ ഉത്തരവാദിത്വം പൂർണമായും ഫലസ്തീൻ അതോറിറ്റിക്കായിരിക്കും’ -ചാനൽ വ്യക്തമാക്കി.
അൽ ജസീറ സംപ്രേക്ഷണം താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം ഫലസ്തീനികളെ അത്ഭുതപ്പെടുത്തുന്നതാണെന്ന് ഫലസ്തീൻ നാഷണൽ ഇനിഷ്യേറ്റീവ് സെക്രട്ടറി ജനറൽ മുസ്തഫ ബർഗൂതി പറഞ്ഞു. “ഇതൊരു വലിയ തെറ്റാണ്. ഈ തീരുമാനം എത്രയും വേഗം തിരുത്തണം’ -ബർഗൂതി റാമല്ലയിൽ നിന്ന് അൽ ജസീറയോട് പറഞ്ഞു. "അതോറിറ്റിക്ക് അൽ ജസീറയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് ചർച്ച ചെയ്യണം. ഫലസ്തീൻ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുകയും ഫലസ്തീൻ വിഷയത്തിൽ ഒപ്പം നിൽക്കുകയും ചെയ്യുന്നതാണ് ചാനലിന്റെ സമീപനം. അതിലുപരിയായി, ഇത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്’ -ബർഗൂതി പറഞ്ഞു. സെപ്തംബറിൽ വെസ്റ്റ്ബാങ്ക് നഗരമായ റാമല്ലയിലെ അൽജസീറ ബ്യൂറോ റെയ്ഡ് ചെയ്ത ഇസ്രായേൽ സേന, ഓഫിസ് അടച്ചുുപൂട്ടാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.