ആദരസൂചകമായി മകൾക്ക് ശിറിന്‍ അബു ആഖിലയുടെ പേര് നൽകി ഫലസ്തീന്‍ കുടുംബം
text_fieldsജെറുസലേം: ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ അൽജസീറ റിപ്പോർട്ടർ ശിറിന്‍ അബു ആഖിലയോടുള്ള ആദരസൂചകമായി മകൾക്ക് ശിറിന്‍ എന്ന പേര് നൽകി ഫലസ്തീന്‍ കുടുംബം. മാധ്യമ പ്രവർത്തകയായ ദേന തക്രൂരിയാണ് ഫേസ്ബുക്കിലൂടെ ഈ വാർത്ത പങ്കുവെച്ചത്. സ്വന്തം നാട്ടിൽ സ്വാതന്ത്ര്യമായി ജീവിക്കായി പോരാടുന്ന ഫലസ്തീൻ ജനതയുടെ ഇച്ഛാശക്തിയുടെ സാക്ഷ്യമാണ് ശിറിനോട് കാണിക്കുന്ന ഓരോ ഹൃദയസ്‌പർശിയായ ആദരാഞ്ജലികളിലും ഫലസ്തീന്‍ ജനത വെളിപ്പെടുത്തുന്നതെന്ന് തക്രൂരി അഭിപ്രായപ്പെട്ടു.
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ശിറിന്‍ സൈന്യത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഫലസ്തീനിലെ മികച്ച പത്രപ്രവർത്തകരിൽ ഒരാളായിരുന്ന ശിറിന്‍റെ മരണം വലിയ ഞെട്ടലാണ് ലോകത്തിന് നൽകിയത്. "അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഭയാനകമായ കുറ്റകൃത്യം" എന്നാണ് ശിറിന്‍റെ കൊലപാതകത്തെ അൽ ജസീറ വിശേഷിപ്പിച്ചത്. 'പ്രസ് ' എന്ന് വ്യക്തമായി അടയാളപ്പെടുത്തുന്ന ഒരു ജാക്കറ്റ് ധരിച്ച ശിറിനെ വെടിവെച്ചിടുന്ന സൈനിക ക്രൂരകൃത്യത്തെ ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പടെ നിരവധി സംഘടനകൾ അപലപിച്ചിട്ടുണ്ട്. ഷിറീന്‍റെ മരണത്തിന് ഇസ്രായേൽ സൈന്യം പൂർണ്ണ ഉത്തരവാദിയാണെന്ന് താന്‍ കരുതുന്നതായി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും വ്യക്തമാക്കിരുന്നു.
ശിറിന്‍റെ മരണാനന്തര ചടങ്ങിനിടെ ഇസ്രായേൽ നടത്തിയ ആക്രമണവും വ്യാപകമായി വിമർശിക്കപ്പെട്ടിട്ടുണ്ട്. റമദാൻ വ്രതാരംഭം മുതൽ ഏകപക്ഷീയമായ ആക്രമണങ്ങളാണ് ഫലസ്തീനെതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.