ഗസ്സയിൽ ഇന്ന് 11 ഇസ്രായേൽ സൈനികരെ വധിച്ചതായി ഹമാസ്
text_fieldsഗസ്സ: ഗസ്സയിൽ കരയുദ്ധത്തിന് എത്തിയ 11 ഇസ്രായേൽ അധിനിവേശ സൈനികരെ വധിച്ചതായി ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്. ഏഴ് ഇസ്രായേൽ സൈനിക വാഹനങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
ഗസ്സ സിറ്റിക്കടുത്ത ശുജയ്യയിലാണ് ഷെല്ലുകളും ടാങ്ക് വേധ ആയുധങ്ങളും ഉപയോഗിച്ച് ഇസ്രായേലിന്റെ ഏഴ് സൈനിക വാഹനങ്ങൾ ആക്രമിച്ചത്.
അതിനിടെ ഗസ്സയിൽ നരനായാട്ട് തുടരുമ്പോഴും ഇസ്രായേലിനുള്ള പിന്തുണ ആവർത്തിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗതെതത്തി. സ്വതന്ത്ര ജൂതരാഷ്ട്രമായി നിലകൊള്ളാനുള്ള ഇസ്രായേലിന്‍റെ അവകാശത്തെ യു.എസ് എന്നും പിന്തുണക്കുമെന്ന് ബൈഡൻ പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കഴിഞ്ഞ വർഷങ്ങളിൽ പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഹമാസിനെ തുടച്ചുനീക്കാനുള്ള പോരാട്ടത്തിൽ എല്ലാവിധ സൈനിക സഹായവും നൽകും. പക്ഷേ, ഞങ്ങളും അവരും അതീവ ശ്രദ്ധയോടെ മുന്നോട്ടുപോകേണ്ടതുണ്ട്. ഒറ്റ രാത്രി കൊണ്ട് ലോകത്തിന്‍റെ പൊതു അഭിപ്രായം മാറിയേക്കാം. അങ്ങനെ സംഭവിക്കാൻ നമ്മൾ അനുവദിക്കരുത് -ബൈഡൻ പറഞ്ഞു.
ഗസ്സയിൽ വെടിനിർത്തലിനുള്ള അന്താരാഷ്ട്ര സമ്മർദം ശക്തമായിട്ടും ഇടപെടാത്ത യു.എസിന്‍റെ നിലപാട് വ്യാപകമായി വിമർശിക്കപ്പെടവെയാണ് ഇസ്രായേലിനെ പിന്തുണച്ച് വീണ്ടും ബൈഡന്‍റെ പ്രസ്താവന. വെടിനിർത്തലിനായി ഐക്യരാഷ്ട്രസമിതിയിൽ കൊണ്ടുവരുന്ന പ്രമേയങ്ങൾ അമേരിക്ക വീറ്റോ ചെയ്ത് റദ്ദാക്കുകയാണ്.
ഗസ്സയിൽ അടിയന്തരമായി വെടിനിർത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ചൊവ്വാഴ്ച വോട്ടിനിട്ടേക്കും. യു.എൻ ചാർട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറൽ വിളിച്ചുചേർത്ത അടിയന്തര രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വെള്ളിയാഴ്ച അമേരിക്ക വീറ്റോ ചെയ്തിരുന്നു.
15 അംഗ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്യുകയും ബ്രിട്ടൻ വിട്ടുനിൽക്കുകയും ചെയ്തപ്പോൾ ബാക്കി 13 രാജ്യങ്ങളും പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. ഇതിനു പിന്നാലെയാണ് 193 രാജ്യങ്ങൾ ഉൾപ്പെടുന്ന യു.എൻ പൊതുസഭയിൽ വോട്ടിനിടുന്നത്. വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവും ആവശ്യപ്പെട്ട് ഒക്ടോബറിൽ അവതരിപ്പിച്ച പ്രമേയത്തെ 121 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ 14 രാജ്യങ്ങൾ എതിർത്തു. 44 രാജ്യങ്ങൾ വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.