ഗസ്സയിൽ രക്തസാക്ഷിയായ പ്രിയതമക്ക് വേണ്ടി ഹജ്ജ് നിർവഹിച്ച് വാഇൽ അൽ ദഹ്ദൂഹ്
text_fieldsമക്ക: പിറന്നമണ്ണിൽ രക്തസാക്ഷ്യം വരിച്ച പ്രിയതമക്ക് വേണ്ടി വിശുദ്ധമണ്ണിൽ ഹജ്ജ് നിർവഹിച്ച് ഗസ്സയുടെ ആത്മവീര്യത്തിന്റെ പ്രതീകമായ പ്രശസ്ത മാധ്യമപ്രവർത്തകൻ വാഇൽ അൽ ദഹ്ദൂഹ്. ഇസ്രായേൽ സൈന്യം വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയ പ്രിയപത്നി അംന ഉമ്മുഹംസക്ക് വേണ്ടിയാണ് ഫലസ്തീനിയൻ മാധ്യമപ്രവർത്തകനും അൽ ജസീറ അറബിക് ചാലനിന്റെ ഗസ്സ ബ്യൂറോ മേധാവിയുമായ വാഇൽ ദഹ്ദൂഹ് ഹജ്ജ് നിർവഹിച്ചത്.
ഇത് രണ്ടാം തവണയാണ് താൻ ഹജ്ജ് പൂർത്തിയാക്കുന്നതെന്ന് അദ്ദേഹം സൗദി വാർത്താ ഏജൻസിയോട് പറഞ്ഞു. ‘എനിക്കേറെ സന്തോഷമുണ്ട്... കഴിഞ്ഞ വർഷം ഹജ്ജിന് അവളെ ഒപ്പം കൂട്ടാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ അവൾക്ക് വേണ്ടിയാണ് ഹജ്ജ് നിർവഹിച്ചത്...’ -വാഇൽ പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന കിരാത ആക്രമണത്തിന്റെ വിവരങ്ങൾ യുദ്ധഭൂമിയിൽ നിന്ന് തത്സമയം റിപ്പോർട്ട് ചെയ്യുന്ന വാഇൽ തുടക്കംമുതൽ ലോകശ്രദ്ധ നേടിയിരുന്നു. ഒക്ടോബർ 28നാണ് നുസൈറത് അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിൽ വാഇലിന്റെ ഭാര്യയും 15കാരനായ മകനും ഏഴു വയസ്സുള്ള മകളും ഉൾപ്പെടെ എട്ടു കുടുംബാംഗങ്ങളെ ഇസ്രായേൽ കൊലപ്പെടുത്തിയത്. മക്കളുടെയും ഭാര്യയുടെയും ചേതനയറ്റ ശരീരങ്ങൾ മറമാടും മുമ്പേ തന്നെ തന്റെ ദൗത്യ നിർവഹണത്തിലേക്ക് തിരിച്ചെത്തിയ വാഇൽ ഗസ്സയുടെ ചെറുത്തു നിൽപിന്റെ പ്രതീകമായിമാറി.
ഡിസംബർ 15ന് ഖാൻ യൂനുസിൽ നടന്ന മിസൈൽ ആക്രമണത്തിൽ വാഇലിന് പരിക്കേൽക്കുകയും കാമറമാൻ സാമിർ അബു ദഖ കൊല്ലപ്പെടുകയും ചെയ്തു. അധികനാളുകൾ പിന്നിടും മുമ്പേ, ജനുവരി ഏഴിന് വാഇലിന്റെ മകനും മാധ്യമ പ്രവർത്തകനുമായ ഹംസ ദഹ്ദൂഹിനെയും ഇസ്രായേൽ കൊലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.