172 ദിവസം നിരാഹാര സമരം ചെയ്ത ഫലസ്തീൻ തടവുകാരനെ ഇസ്രായേൽ മോചിപ്പിച്ചു
text_fieldsജറൂസലം: വിചാരണയോ കുറ്റംചുമത്തുകയോ ചെയ്യാതെ അന്യായമായി ഇസ്രായേൽ തടങ്കലിലടച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം 172 ദിവസം നിരാഹാര സമരം നടത്തിയ ഫലസ്തീൻ തടവുകാരനെ ഒടുവിൽ മോചിപ്പിച്ചു. ഫലസ്തീൻ തടവുകാരൻ ഖലീൽ അവ്‌ദയാണ് ഇന്നലെ ഇസ്രായേൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
അവ്‌ദയെ വൈദ്യപരിശോധനയ്ക്കായി റാമല്ലയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പലസ്തീനിയൻ ഇൻഫർമേഷൻ സെന്റർ (പിഐസി) റിപ്പോർട്ട് ചെയ്തു. നിരാഹാര സമരത്തെ തുടർന്ന് എല്ലും തോലുമായ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
ഇസ്രായേൽ അധിനിവേശക്കാർ ഫലസ്തീൻ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരാകുമെന്ന് മോചിതനായ ശേഷം അവ്‌ദ ഫലസ്തീൻ മാധ്യമങ്ങളോട് പറഞ്ഞു. “സ്വാതന്ത്ര്യം മഹത്തായ കാര്യമാണ്. അതിനായി ആയിരക്കണക്കിന് ആളുകൾ രക്തസാക്ഷിത്വം വരിച്ചു. ഫലസ്തീൻ ജനതയുടെ സ്വപ്നമാണ് സ്വാതന്ത്ര്യം. ഒരു ദിവസം അവർ മോചിപ്പിക്കപ്പെടും, അക്രമികൾ നമ്മുടെ ഭൂമിയും കൃഷിയിടങ്ങളും ഉപേക്ഷിക്കാൻ നിർബന്ധിതരാകും’ -അദ്ദേഹം പറഞ്ഞു. ഇസ്രായേൽ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റാമർ ബെൻ ഗിറിന്റെ നേതൃത്വത്തിൽ അഴിച്ചുവിടുന്ന ക്രൂരമായ ആക്രമണങ്ങൾക്കെതിരെ മുമ്പെങ്ങുമില്ലാത്തവിധം ഫലസ്തീൻ തടവുകാർ ഒറ്റക്കെട്ടായാണ് പ്രതികരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാസമ്പന്നനായ ഖലീൽ സാമൂഹിക പ്രവർത്തകൻ കൂടിയാണ്. വിശുദ്ധ ഖുർആൻ പൂർണമായും ഹൃദിസ്ഥമാക്കിയ ഇദ്ദേഹം സന്നദ്ധപ്രവർത്തകരെ സംഘടിപ്പിച്ച് നിരവധി സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. 2002 മുതൽ അഞ്ചുതവണയാണ് അവ്ദയെ ഇസ്രായേൽ അറസ്റ്റ് ചെയ്തത്. 2021 ഡിസംബർ 27 നാണ് അവസാനമായി അറസ്റ്റ് ചെയ്തത്. അന്നുമുതൽ കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്യാതെ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു.
മോചനം ആവശ്യപ്പെട്ട് 2022 മാർച്ചിലാണ് അവ്ദ ജയിലിൽ നിരാഹാര സമരം ആരംഭിച്ചത്. 2022 ഒക്ടോബർ 2ന് വിട്ടയക്കാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതോടെ ആഗസ്റ്റ് 31-ന് അദ്ദേഹം നിരാഹാര സമരം നിർത്തിവച്ചു. എന്നാൽ, ജയിലിൽ മൊബൈൽ ഫോൺ കടത്തിയതായി ആരോപിച്ച് മോചനം തടഞ്ഞു. ഒടുവിൽ, ഒരുവർഷത്തതിന് ശേഷം ഇന്നലെയാണ് മോചിപ്പിച്ചത്. വിവാഹിതനും നാല് പെൺമക്കളുടെ പിതാവുമാണ് അവ്ദ. ജയിലിൽനിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിന് കുടുംബവും ഫലസ്തീനിലെ വിവിധ സംഘടനകളും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.