വെടിനിർത്തൽ: ചർച്ച നീളുന്നത് എത്ര ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണം എന്ന വിഷയത്തിലെന്ന് ഇസ്രായേലി മാധ്യമങ്ങൾ
text_fieldsതെൽഅവീവ്: ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച ചർച്ച നീളുന്നത് ബന്ദികൾക്ക് പകരം എത്ര ഫലസ്തീൻ തടവുകാരെ മോചിപ്പിക്കണം എന്ന വിഷയത്തിൽ തീരുമാനമാകാത്തതിനാലാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ.
ഫലസ്തീൻ കമ്മീഷൻ ഓഫ് ഡിറ്റെയ്‌നിസ് അഫയേഴ്‌സ്, ഫലസ്തീനിയൻ പ്രിസണേഴ്‌സ് സൊസൈറ്റി എന്നിവയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒക്ടോബർ 7ന് ശേഷം അധിനിവേശ വെസ്റ്റ്ബാങ്കിൽ നിന്ന് മാത്രം 7,000 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. എന്നാൽ, ഇക്കാലത്ത് ഗസ്സയിൽനിന്ന് എത്ര ഫലസ്തീനികളെ തട്ടിക്കൊണ്ടുപോയി എന്നത് സംബന്ധിച്ച് കണക്കുകൾ ലഭ്യമല്ല.
ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയവർക്ക് പകരം ഇവരിൽ എത്രപേരെ മോചിപ്പിക്കണമെന്ന വിഷയത്തിലാണ് ചർച്ച നടക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ്, ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമമായ വാല റിപ്പോർട്ട് ചെയ്തു. മുഴുവൻ ബന്ദികളെയും വിട്ടയക്കണമെങ്കിൽ ഇസ്രായേൽ തടവിലിട്ട മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കണമെന്നാണ് ഹമാസിന്റെ ആവശ്യം.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന താൽക്കാലിക വെടിനിർത്തലിൽ ഓരോ ബന്ദിക്കും പകരം മൂന്ന് ഫലസ്തീൻ തടവുകാരെയാണ് വിട്ടയച്ചിരുന്നത്. എന്നാൽ, ഇതിൽ ചിലരെ ഇസ്രായേൽ വീണ്ടും പിടികൂടുകയും തടവിലിടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.