ഫലസ്തീനിൽ 15 വർഷത്തിനു ശേഷം തെരഞ്ഞെടുപ്പ്; പാർലമെന്‍റ്, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വർഷാവസാനം
text_fields
റാമല്ല: ഫലസ്തീനിൽ ഒന്നര പതിറ്റാണ്ടിന്‍റെ ഇടവേളക്കു ശേഷം തെരഞ്ഞെടുപ്പ് വരുന്നു. പാർലെമന്ററി, പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകൾ വർഷാവസാനം നടക്കുമെന്ന് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് അറിയിച്ചു. 2006ൽ അവസാനമായി നടന്ന തെരെഞ്ഞടുപ്പിൽ ഹമാസ് വൻഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.
മഹ്മൂദ് അബ്ബാസിന്‍റെ ഫത്ഹ് പാർട്ടിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതാകും തെരഞ്ഞെടുപ്പ്. ഇസ്രായേൽ അധിനിവേശത്തിൽനിന്ന് മോചനത്തിന് ശ്രമം നടത്തുന്നതിലും ഫലസ്തീന് സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിലും ഇതുവരെയും പ്രസിഡന്‍റ് എന്ന നിലയിൽ മഹ്മൂദ് അബ്ബാസ് വൻ പരാജയമായിരുന്നു.
മറുവശത്ത്, ഇസ്രായേൽ കടുത്ത ഉപരോധം നടപ്പാക്കിയിട്ടും ഗസ്സയിൽ 2007 മുതൽ ഭരണം തുടരുന്നത് ഹമാസാണ്. ഉപരോധം ജനജീവിതം നരകതുല്യമാക്കിയിട്ടും ഇവിടെ പാർട്ടിക്കു തന്നെയാണ് ഇപ്പോഴും ജനപ്രീതി.
പുതിയ ഉത്തരവു പ്രകാരം നിയമനിർമാണ സഭകളിലേക്ക് തെരഞ്ഞെടുപ്പ് മേയ് 22ന് നടക്കും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ജൂൈല 31നുമാകും. ഫലസ്തീനികളെ രാജ്യാന്തര തലത്തിൽ പ്രതിനിധാനം ചെയ്യുന്ന ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ദേശീയ കൗൺസിൽ തെരഞ്ഞെടുപ്പ് ഒരു മാസം കഴിഞ്ഞ് ആഗസ്റ്റ് 31നാണ് നിശ്ചയിച്ചിട്ടുള്ളത്.
അമേരിക്ക ഉൾപെടെ തീവ്രവാദമാരോപിക്കുന്ന ഹമാസിനെ പടിക്കുപുറത്ത് നിർത്താൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടക്കുന്നതിനിടെ വരുന്ന തെരഞ്ഞെടുപ്പ് പ്രഹസനമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുവെങ്കിലും പ്രഖ്യാപനം ഹമാസ് സ്വാഗതം ചെയ്തിട്ടുണ്ട്.
2006ലെ തെരഞ്ഞെടുപ്പിന് ശേഷം ഹമാസ് ഭരണം ലഭിക്കാനും ഫതഹ് അധികാരം നഷ്ടപ്പെടാതിരിക്കാനും നടത്തിയ ശ്രമങ്ങൾ ഫലസ്തീനിൽ ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഒരു വർഷം കഴിഞ്ഞ് ഗസ്സയിൽ ഹമാസ് അധികാരമേറ്റെടുത്തത്. അതോടെ, ഉപരോധം നടപ്പാക്കിയ ഇസ്രായേൽ മൂന്നുതവണ ആക്രമണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.