ഫലസ്തീനികൾ അവരുടെ മണ്ണിൽതന്നെ തുടരണം –വത്തിക്കാൻ
text_fieldsറോം: ഫലസ്തീനികളെ ഒഴിപ്പിച്ച് ഗസ്സയെ യു.എസ് ഏറ്റെടുക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെ വിമർശിച്ച് വത്തിക്കാൻ രംഗത്ത്. ഫലസ്തീനികൾ അവരുടെ മണ്ണിൽതന്നെ നിൽക്കണം എന്നാണ് വത്തിക്കാന്റെ നിലപാടെന്ന് സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോൽ പറഞ്ഞു. ഫലസ്തീനിൽനിന്ന് ആരും എവിടെയും പോകുന്നില്ല എന്നും വത്തിക്കാന്റെ നിർദേശം അതാണെന്നും വ്യാഴാഴ്ച നടന്ന യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീനികളെ ഗസ്സയിൽനിന്ന് മാറ്റിപാർപ്പിക്കുന്നതിൽ ഒരർഥവുമില്ലെന്നും പരോലിനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ അൻസ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിന് രണ്ടു രാജ്യങ്ങളാണ് പരിഹാരമെന്ന വത്തിക്കാന്റെ നിലപാട് കർദിനാൾ ആവർത്തിച്ചു.
ഫലസ്തീനികൾ അവരുടെ മണ്ണിൽതന്നെ നിൽക്കുകയാണ് വേണ്ടത്. അവരെ എവിടേക്കും പറിച്ച് നടേണ്ട ആവശ്യമില്ല. വത്തിക്കാന്റെ നിലപാട് അതാണ്. ഒരു കുടിയിറക്കലും വേണ്ട. ഗസ്സയിൽനിന്ന് ഫലസ്തീനികളെ മാറ്റിയാൽ അത് അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. പ്രാദേശിപരമായി ഉൾപ്പെടെ. ജോർഡൻ അടക്കം ഈ നീക്കത്തെ എതിർത്ത് പരസ്യമായി രംഗത്ത് വന്നിരുന്നുവല്ലോ. അതു തന്നെയല്ല, ഫലസ്തീനികളെ കുടിയൊഴിപ്പിക്കേണ്ടതിന്റെ ഒരാവശ്യവും വത്തിക്കാൻ കാണുന്നില്ല. അതവരുടെ മണ്ണാണ്. അവരവിടെതന്നെ തുടരട്ടെ. രണ്ടു രാജ്യങ്ങൾ എന്നതാണ് എന്തുകൊണ്ടും നല്ലത് എന്നാണ് വത്തിക്കാന്റെ അഭിപ്രായം. അത് ജനങ്ങൾക്ക് പ്രതീക്ഷയും നൽകും. ഫലസ്തീനികൾക്ക് അവരുടെ മണ്ണ് പൂർണമായും വിട്ടുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീനികളെ കുടിയിറക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ഫ്രാൻസിസ് മാർപാപ്പ വിമർശിച്ചതിന് പിന്നാലെയാണ് പരോലിന്റെ പരാമർശം. യു.എസിലെ ബിഷപ്പുമാരെ അഭിസംബോധന ചെയ്ത് അയച്ച കത്തിൽ, ഗസ്സയിൽനിന്ന് ഫലസ്തീനികളെ കുടിയിറക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് മാർപാപ്പ ചൂണ്ടിക്കാട്ടിയത്. യു.എസിന്റെ പുതിയ നയം കുടിയേറ്റക്കാരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്നതാണെന്നും മാർപാപ്പ വിമർശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.