'എന്‍റെ നാട് നിങ്ങളോടൊപ്പമാണ്'; ഫലസ്തീന് പിന്തുണയുമായി ചെഗുവേരയുടെ മകൾ അലീഡ
text_fieldsഹവാന: ഗസ്സയിൽ ഇസ്രായേൽ അതിക്രമം തുടരുന്ന സാഹചര്യത്തിൽ ഫലസ്തീന് പിന്തുണ നൽകിയും അറബ് ജനതക്ക് സന്ദേശം നൽകിയും ചെഗുവേരയുടെ മകൾ അലീഡ ഗുവേര. പ്രസംഗത്തിലൂടെ അറബ് ജനതക്ക് അലീഡ ഗുവേര നൽകിയ സന്ദേശം മീം മാഗസിനാണ് എക്‌സിലൂടെ പുറത്തുവിട്ടത്.
'ഞങ്ങൾ മൈലുകൾക്കപ്പുറത്താണ്. നിങ്ങളാണ് അവിടെയുള്ളത്. നിങ്ങൾ എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. നാളെ നിങ്ങളുടെ ഊഴമായേക്കും. അതിനാൽ ഒന്നിച്ച് നിന്ന് നിങ്ങളുടെ രക്തത്തെയും നിങ്ങളുടെ ജീവിതത്തെയും സംസ്കാരത്തെയും സംരക്ഷിക്കുക. ഫലസ്തീനികളോട് പറയാം: എന്‍റെ നാട് നിങ്ങൾക്കൊപ്പമാണ്. ഐക്യദാർഢ്യം വാക്കുകളിലല്ല. പ്രവൃത്തിയിലാണ്'- മീം മാഗസിൻ എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇതുവരെ 9061 പേർ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്. ഇതിൽ 3760 കുട്ടികളും 2326 സ്ത്രീകളും 2975 പുരുഷൻമാരും ഉൾപ്പെടുന്നതായും വ്യാഴാഴ്ച പുറത്തുവിട്ട കണക്കിൽ പറഞ്ഞു. 32,000 പേർക്ക് പരിക്കേറ്റതായി മന്ത്രാലയ വക്താവ് അഷ്റഫ് അൽ-ഖുദ്ര ഗസ്സ സിറ്റിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗസ്സയിൽ 2060 പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഐക്യരാഷ്ട്ര സഭ ഏജൻസി നടത്തുന്ന ഗസ്സയിലെ സ്കൂളിൽ ഇസ്രായേൽ ആക്രമണം നടത്തി. ജബലിയ അഭയാർത്ഥി ക്യാമ്പിലെ അൽ-ഫഖൂറ സ്‌കൂളിലാണ് ആക്രമണമുണ്ടായത്. ഇസ്രായേൽ ആക്രമണങ്ങളിൽ വീടുകൾ തകർന്ന് സ്കൂളിൽ അഭയം തേടിയ കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ വർധിച്ചേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.