'നെതന്യാഹുവിനേക്കാൾ തീവ്ര നിലപാടുകാരൻ'; നിയുക്ത ഇസ്രായേൽ പ്രധാനമന്ത്രിയെ കുറിച്ച് ഫലസ്തീനികൾ
text_fieldsഗസ്സ: നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് ഇസ്രായേലിൽ അധികാരത്തിലേറുന്ന നാഫ്റ്റലി ബെനറ്റ് സർക്കാറിൽ വലിയ പ്രതീക്ഷ നൽകാതെ ഫലസ്തീൻ ജനത. നെതന്യാഹുവിന് പകരം പ്രധാനമന്ത്രിയാകുന്ന ദേശീയവാദി ബെനറ്റ് വലതുപക്ഷ അജണ്ടകൾ തുടരുമെന്ന് ഫലസ്തീനികൾ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികളുടെ പ്രതികരണമാണ് അൽജസീറ ചാനൽ പുറത്തുവിട്ടത്.
'ഒരു ഇസ്രായേലി നേതാവും മറ്റൊരാളും തമ്മിൽ യാതൊരു വ്യത്യാസമില്ലെന്ന് ഗസ്സയിലെ സർക്കാർ ഉദ്യോഗസ്ഥനും 29കാരനുമായ അഹമ്മദ് റെസിക് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. അവർ തങ്ങളുടെ രാജ്യത്തിന് നല്ലതോ ചീത്തയോ ആണ്. നമുക്ക് അവരെല്ലാം മോശക്കാരാണ്. ഫലസ്തീനികൾക്ക് അവരുടെ അവകാശങ്ങളും ഭൂമിയും നൽകാൻ എല്ലാവരും വിസമ്മതിക്കുന്നു'-അഹമ്മദ് റെസിക് ചൂണ്ടിക്കാട്ടി.
'ഇസ്രായേൽ ആരു ഭരിച്ചാലും ഒരു വ്യത്യാസവും വരാൻ പോകുന്നില്ലെന്ന് ഹമാസ് പ്രതികരിച്ചു. ഫലസ്തീനികൾ ചരിത്രത്തിലുടനീളം ഇടത്, വലത്, മധ്യ നിലപാടുകളുള്ള ഡസനോളം ഇസ്രായേൽ സർക്കാരുകളെ കണ്ടിട്ടുണ്ട്. എന്നാൽ, ഫലസ്തീൻ ജനതയുടെ അവകാശങ്ങളുടെ കാര്യത്തിൽ അവരെല്ലാം ശത്രുത പുലർത്തുകയാണ്. അധിനിവേശ നയങ്ങളാണ് എല്ലാവരും പിന്തുടരുന്നതെന്നും' ഹമാസ് വക്താവ് ഹസൻ ഖാസിം ചൂണ്ടിക്കാട്ടി.
'കിഴക്കൻ ജറുസലേമിലെ അധിനിവേശം നെതന്യാഹുവിന്‍റെ വ്യക്തിപരമായ വിഷയമല്ലെന്നും ഇസ്രായേൽ പിന്തുടരുന്ന നയങ്ങളാണെന്നും ഫലസ്തീൻ നാഷണലിസ്റ്റ് ബലാദ് പാർട്ടി നേതാവ് സമി അബു ഷെഹദാഹ് ചൂണ്ടിക്കാട്ടി. ഫലസ്തീനികൾക്ക് വേണ്ടത് ഇസ്രായേൽ നയങ്ങളിൽ കാതലായ മാറ്റമാണ്, അല്ലാതെ വ്യക്തികളിലെ മാറ്റമല്ല. നെതന്യാഹുവിന് മുമ്പുള്ള സ്ഥിതി വളരെ മോശമായിരുന്നു. ഇസ്രായേൽ സ്വന്തം നയങ്ങൾ ആവശ്യപ്പെടുന്നിടത്തോളം കാലം നെതന്യാഹുവിന് ശേഷവും അത് മോശമായി തുടരും. അതിനാലാണ് പുതിയ സർക്കാറിനെ തങ്ങൾ എതിർക്കുന്നതെന്നും' ഷെഹദാഹ് വ്യക്തമാക്കുന്നു.
'വംശീയത, തീവ്രവാദം, അക്രമം, അധാർമികത എന്നിവക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കുകയാണ് നെതന്യാഹുവിന്‍റെ കാലത്ത് നടന്നതെന്ന് പി.എൽ.ഒ എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ അംഗം ഹനൻ അഷ്‌റവി പറഞ്ഞു. നെതന്യാഹുവിന്‍റെ പിൻഗാമികൾ അദ്ദേഹത്തിന്‍റെ പാരമ്പര്യം നിലനിർത്തുമെന്നും' അഷ്‌റവി ചൂണ്ടിക്കാട്ടി.
49കാരനായ നഫ്റ്റലി ബെനറ്റ് വെസ്റ്റ് ബാങ്കിലെ അധിനിവേശത്തിന് നേതൃത്വം നൽകുന്ന വെസ്റ്റ് ബാങ്ക് സെറ്റ് ലർ ഓർഗനൈസേഷന്‍റെ മുൻ മേധാവിയും തീവ്ര വലതുപക്ഷ കക്ഷിയായ 'യമീന'പാർട്ടിയുടെ നേതാവുമാണ്. നെതന്യാഹു സർക്കാറിൽ പ്രതിരോധ മന്ത്രിയായിരുന്നു. 1967ലെ യുദ്ധത്തിൽ ഇസ്രായേൽ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിന്‍റെ ഭാഗങ്ങളുടെ സമീപ പ്രദേശങ്ങൾ കൂടി പിടിച്ചെടുക്കണ നിലപാട് ഉയർത്തുന്നവരുടെ വക്താവ് കൂടിയാണ് ബെനറ്റ്.
ഇസ്രായേലിൽ പ്രതിപക്ഷ നേതാവ് യായർ ലാപിഡിെൻറ നേതൃത്വത്തിൽ നാഫ്റ്റലി ബെനറ്റിനെ പ്രധാനമന്ത്രിയാക്കി സഖ്യ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞ ദിവസമാണ് കരാറായത്. മന്ത്രിസഭ രുപീകരിക്കാൻ പ്രസിഡന്‍റ് നൽകിയ സമയപരിധി വ്യാഴാഴ്ച അവസാനിരിക്കെയാണ് എട്ട് പാർട്ടികളുടെ സഖ്യത്തിന് യെഷ് അതീദ് പാർട്ടി നേതാവ് യായർ ലാപിഡ് രൂപം നൽകിയത്.
മൻസൂർ അബ്ബാസിന്‍റെ അറബ് ഇസ് ലാമിറ്റ് റാം പാർട്ടിയും സഖ്യത്തിലുണ്ട്. ഇസ്രായേലിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തെ 21 ശതമാനം പലസ്തീൻ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു അറബ് പാർട്ടി സഖ്യ സർക്കാറിന്‍റെ ഭാഗമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.