ഗസ്സയിലെ അൽ അഖ്സ ആശുപത്രി ഒഴിയാൻ ഭീഷണിയുമായി ഇസ്രായേൽ; എങ്ങോട്ടു പോകുമെന്നറിയാതെ ആയിരങ്ങൾ
text_fieldsഗസ്സ: സെൻട്രൽ ഗസ്സയിലെ പ്രവർത്തനം തുടരുന്ന ഒരേയൊരു ആരോഗ്യകേന്ദ്രമായ അൽ അഖ്സ ആശുപത്രി ഒഴിയണമെന്ന് ഇസ്രായേൽ സൈന്യത്തിന്‍റെ ഭീഷണി. ഇതേത്തുടർന്ന് രോഗികളും അതീവ ഗുരുതരാവസ്ഥയിലുള്ളവരും ഉൾപ്പെടെ ആശുപത്രിക്ക് പുറത്തേക്ക് നീങ്ങുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. രോഗികൾക്ക് പുറമേ, നൂറുകണക്കിന് നിരാലംബരായ കുടുംബങ്ങളും ആശുപത്രിയെ ആശ്രയമാക്കിയിരുന്നു. സർവം തകർക്കപ്പെട്ട ഗസ്സയിൽ എങ്ങോട്ടെന്നില്ലാതെ പുറത്തിറങ്ങുകയാണ് ആളുകളെന്നാണ് റിപ്പോർട്ടുകൾ.
അൽ അഖ്സ ആശുപത്രിക്ക് സമീപം നേരത്തെ സ്ഫോടനമുണ്ടായിരുന്നു. ഇക്കാര്യം സന്നദ്ധ സംഘടനയായ 'ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേഴ്സ്' സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിക്ക് നേരെ ആക്രമണം നടക്കുന്നത് ഒരിക്കലും സ്വീകാര്യമായ സാഹചര്യമല്ലെന്നും അൽ അഖ്സയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ട സാഹചര്യത്തിലേക്ക് നയിക്കപ്പെടുകയാണെന്നും സംഘടന അറിയിച്ചു.
അതേസമയം, ഈജിപ്തിലെ കെയ്റോയിൽ ഇസ്രായേലും ഹമാസും തമ്മിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾ ധാരണയാകാതെ പിരിഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മധ്യസ്ഥർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഇരുവിഭാഗവും അംഗീകരിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്നാണ് ഈജിപ്ഷ്യൻ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ഇസ്രായേലിന് കനത്ത തിരിച്ചടി നൽകി ലബനാനിലെ ഹിസ്ബുല്ല ആക്രമണം നടത്തിയപ്പോൾ പശ്ചിമേഷ്യ യുദ്ധ വ്യാപന ഭീതിയിലാണ്. ലബനാൻ -ഇസ്രായേൽ അതിർത്തിയിൽ സംഘർഷാവസ്ഥ ശക്തമാകുന്നത്. ഇതുവരെയുണ്ടായതിൽ ഏറ്റവും ശക്തമായ ആക്രമണമാണ് ഹിസ്ബുല്ല ഞായറാഴ്ച ഇസ്രായേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെയാണ് ഹിസ്ബുല്ല ലക്ഷ്യം വെച്ചത്. പകരം വീട്ടാൻ ലബനാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇനിയുള്ള തിരിച്ചടിയും ആ രീതിയിലാകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ചത്തെ ആക്രമണം ഇസ്രായേലിൽ ഭീതി പരത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.