പഞ്ച്ശിറിൽ താലിബാനെതിരെ ശക്തമായ പോരാട്ടം; യുദ്ധത്തിന് വരുന്നവർ തിരിച്ചു പോകില്ലെന്ന് താലിബാന് താക്കീത്
text_fieldsകാബൂൾ: അഫ്ഗാനിൽ താലിബാന് വരുതിയിലാക്കാൻ കഴിയാത്ത പഞ്ച്ശിർ പ്രവിശ്യയിൽ ശക്തമായ പോരാട്ടം തുടരുന്നു. അഫ്ഗാനിൽനിന്ന് യു.എസ് സേന പിന്മാറിയതിന് പിന്നാലെയാണ് താലിബാൻ പഞ്ച്ശിർ ആക്രമിച്ചത്. ആക്രമണത്തിൽ 41 താലിബാൻ സേനാംഗങ്ങളെ വധിച്ചതായി വടക്കൻ സഖ്യം അറിയിച്ചു. പാഞ്ച്ഷിർ മലനിരകൾ പിടിച്ചെടുക്കാനുള്ള താലിബാെൻറ നീക്കത്തെ നാഷനൽ റെസിസ്റ്റൻറ് ഫ്രണ്ട് (എൻ.ആർ.എഫ്) ശക്തമായി ചെറുക്കുകയായിരുന്നു. എൻ.ആർ.എഫ് സേനാംഗങ്ങൾക്കും പരിക്കുണ്ട്.
അന്ദരാബ് ജില്ലയിലെ ഗസ്സ മേഖലയിൽ ഏറ്റുമുട്ടലിൽ 34 താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. മലനിരകളിൽ പ്രവേശിച്ചാൽ പുറത്തുപോകാനാകില്ലെന്നാണ് നോർത്തേൺ അലയൻസ് കമാൻഡർ ഹസീബ് താലിബാന് നൽകിയ മുന്നറിയിപ്പ്. നൂറുകണക്കിന് താലിബാൻ അംഗങ്ങളെയാണ് പാഞ്ച്ഷിർ കീഴടക്കാൻ അയച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഉസ്ബെക്, താജിക് സഖ്യമാണ് പഞ്ച്ശിറിലെ പ്രതിരോധസേനയെ നിയന്ത്രിക്കുന്നത്. സേനയുടെ നേതാവ് അഹ്മദ് മസൂദ് ആണ്. താലിബാന് കീഴടങ്ങില്ലെന്നും പോരാട്ടം പഞ്ച്ശിറിന് മാത്രമല്ല, അഫ്ഗാൻ ജനതക്കും അവരുടെ സ്വാതന്ത്ര്യത്തിനും ആണെന്ന് അഹ്മദ് മസൂദ് വ്യക്തമാക്കിയിരുന്നു.
അഫ്ഗാൻ മുൻ വൈസ് പ്രസിഡൻറ് അമറുല്ല സലേയും ഇദ്ദേഹത്തിനൊപ്പം ചേർന്നിരുന്നു. സേല വിവരങ്ങൾ കൈമാറുന്നത് തടയാൻ താലിബാൻ പഞ്ച്ശിറിലെ ഇൻറർനെറ്റ് ബന്ധവും വൈദ്യുതിയും വിച്ഛേദിച്ചിരുന്നു. ഇവിടേക്ക് ഭക്ഷ്യസാധനങ്ങൾ എത്തിച്ചിരുന്ന വഴികളും അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.