അഫ്ഗാനിൽ താലിബാന് ഇനിയും കീഴടങ്ങാതെ പഞ്ചഷീർ പ്രവിശ്യ; വിജയം കാണുമോ ബദൽ സൈനിക നീക്കം?
text_fieldsകാബൂൾ: കാബൂൾ പിടിച്ച് നിയന്ത്രണം പൂർണമാക്കിയ താലിബാനെ അംഗീകരിക്കില്ലെന്നറിയിച്ച് അഫ്ഗാനിസ്താനിൽ ഒരു പ്രവിശ്യ. കാബൂളിന് വടക്ക് ഹിന്ദു കുഷ് മലനിരകളുടെ ഭാഗമായ പഞ്ചഷീർ താഴ്വരയാണ് ഇനിയും കീഴടങ്ങാൻ വിസമ്മതിച്ച് സ്വന്തം ഭരണം പ്രഖ്യാപിച്ചിരിക്കുന്നത്.
റഷ്യൻ അധിനിവേശം മൂർധന്യത്തിലായിരുന്ന 1980കളിൽ അവർക്കെതിരെയും 90കളിൽ പിടിമുറുക്കിയ താലിബാനെതിരെയും കീഴടങ്ങാതെ പിടിച്ചുനിന്നവരാണ് പഞ്ചഷീറുകാർ. ഇതുവരെയും പ്രസിഡന്‍റ് അശ്റഫ് ഗനിക്കു കീഴിൽ വൈസ് പ്രസിഡന്‍റ് പദവി അലങ്കരിച്ചിരുന്ന ആ നാട്ടുകാരനായ അംറുല്ല സാലിഹ് കഴിഞ്ഞ ദിവസം താത്കാലിക പ്രസിഡന്‍റ് പദവി സ്വയമേറ്റെടുത്തതും ഈ ബലത്തിലാണ്. താലിബാൻ വിരുദ്ധ വടക്കൻ സഖ്യത്തിൽ ഉന്നത പദവികൾ വഹിച്ചിരുന്ന സാലിഹ് 2004ൽ അമേരിക്ക നയിച്ച സഖ്യസേനക്കു കീഴിൽ അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 2017ൽ അശ്റഫ് ഗനി സർക്കാറിലും ഭാഗമായി. ഗനി രാജ്യംവിട്ട ഒഴിവിലാണ് താൻ ഇടക്കാല പ്രസിഡന്‍റാണെന്ന് സാലിഹ് പ്രഖ്യാപിക്കുന്നത്.
മലനിരകളായ പഞ്ചഷീറിൽ 1980കളിൽ റഷ്യൻ അധിനിവേശ കാലത്ത് മുൻ നേതാവ് അഹ്മദ് ഷാ മസൂദിന്‍റെ സൈന്യം തകർത്ത നിരവധി കവചിത വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കിടപ്പുണ്ട്. പിന്നീട് താലിബാൻ ശക്തിയാർജിച്ച ഘട്ടത്തിൽ അവർക്കെതിരെയും ശക്തമായി നിലയുറപ്പിച്ചു.
അതേ സമയം, താലിബാൻ ഇനിയും സൈനിക നീക്കവുമായി എത്താത്ത പഞ്ചഷീർ ഇതേ നിലയിൽ തുടരുമോ എന്ന് കണ്ടറിയണം. അമേരിക്ക പരിശീലനം നൽകിയ മൂന്നു ലക്ഷം വരുന്ന ഔദ്യോഗിക അഫ്ഗാൻ സേനയിൽ ഒരു വിഭാഗം ഇവിടെ അഭയം തേടിയതായി റിപ്പോർട്ടുണ്ട്. ഇവർ പ്രതിരോധം തീർത്താൽ ഐക്യ അഫ്ഗാൻ എന്ന താലിബാൻ നീക്കത്തിന് തിരിച്ചടിയാകും. താലിബാൻ ഉൾപെടുന്ന പഷ്തൂണുകൾ അധികാരം പിടിക്കുന്നതിനോട് കടുത്ത വിയോജിപ്പുള്ളവരാണ് പഞ്ചഷീറുകൾ എന്ന സവിശേഷതയുമുണ്ട്.
താലിബാനെതിരായ പോരാട്ടം നയിക്കാൻ മുന്നിലുള്ളവർക്ക് ആസ്ഥാനമായി പഞ്ചഷീർ നിലയുറപ്പിക്കുമെന്ന് നിലവിൽ തജികിസ്താനിലെ അഫ്ഗാൻ അംബാസഡറും മുൻ സുരക്ഷ ഉദ്യോഗസ്ഥനുമായ ലഫ്. ജനറൽ സാഹിർ അഗ്ബർ പറഞ്ഞു. താലിബാനെതിരെ കഴിഞ്ഞ തവണ സജീവമായിരുന്ന വടക്കൻ സഖ്യത്തിന്‍റെ നേതാവായിരുന്ന അഹ്മദ് ഷാ മസൂദിന്‍റെ മകൻ അഹ്മദ് മസൂദ്, പ്രതിരോധ മന്ത്രി ജനറൽ ബിസ്മില്ല മുഹമ്മദി തുടങ്ങിയവർ ഇവിടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
ഹിമാലയൻ അതിർത്തികളിലുള്ള പഞ്ചഷീർ ഭൂമിശാസ്ത്രപരമായി അതിവേഗം കീഴടക്കാവുന്ന പ്രദേശമല്ല. അതുകൊണ്ടാകുമോ എന്നറിയില്ല, താലിബാൻ ഇതുവരെ ഇവിടെ നീക്കം നടത്തിയിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.