മണ്ണടിഞ്ഞത് 2000 ജീവിതസ്വപ്നങ്ങൾ; കണ്ണീരണിഞ്ഞ് പാപ്വന്യൂഗിനി
text_fieldsപോർട് മോറസ്ബി: ഓഷ്യാനിയയിലെ ദ്വീപ് രാഷ്ട്രമായ പാപ്വന്യൂഗിനിയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ കുതിച്ചുയരുന്നു. വെള്ളിയാഴ്ച പുലർച്ച മൂന്നിന് തലസ്ഥാനമായ പോർട് മോറസ്ബിയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള എൻഗ പ്രവിശ്യയിലുണ്ടായ അപകടത്തിൽ ആദ്യദിവസം 100 മരണമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ പിന്നീട് ഓരോ ദിവസവും കുതിച്ചുയരുന്നതാണ് കണ്ടത്.
മലവാരത്തെ ഗ്രാമത്തിൽ കല്ലും മണ്ണും മരങ്ങളും ഉൾപ്പെടെ കുത്തിയൊലിച്ച് വന്നപ്പോൾ ഇതുവരെയുള്ള റിപ്പോർട്ട് പ്രകാരം 2000ത്തിലേറെ ജീവനാണ് പൊലിഞ്ഞത്. ഞായറാഴ്ച ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്ക് പ്രകാരം മരണം 670 ആയിരുന്നു. റോഡുകൾ തകർന്നുകിടക്കുന്നത് കാരണം രക്ഷാപ്രവർത്തനം ദുഷ്‍കരമാണ്.
വലിയ ബുൾഡോസറുകൾക്ക് പ്രദേശത്തേക്ക് എത്താൻ കഴിയുന്നില്ല. ഹെലികോപ്ടറിലാണ് രക്ഷാപ്രവർത്തകരെ എത്തിച്ചത്. ചെറു ബുൾഡോസറുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് നടന്നിരുന്നത്. ഇതാണ് ആദ്യ ദിവസങ്ങളിൽ കൂടുതൽ മൃതദേഹം കണ്ടെടുക്കാൻ കഴിയാതിരുന്നത്.
ആസ്ട്രേലിയ തിങ്കളാഴ്ച സൈനിക വിമാനവും രക്ഷാപ്രവർത്തന ഉപകരണങ്ങളും അയക്കുമെന്ന് പ്രഖ്യാപിച്ചു. കൂടുതൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയും രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. പാപ്വന്യൂഗിനി അന്താരാഷ്ട്ര സഹായം അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.