ലോക്ഡൗൺ ലംഘിച്ച് വിരുന്ന്; ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും സർക്കാരിനും വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsലണ്ടൻ: ലോക്ഡൗൺ നിയമങ്ങൾ കാറ്റിൽപറത്തി ഔദ്യോഗിക വസതിയിൽ മദ്യസൽക്കാരം സംഘടിപ്പിച്ച സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും സർക്കാരിനും വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോർട്ട്. ജനങ്ങളോട് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഉത്തരവിട്ട സർക്കാർ പരസ്യമായി നിയമം ലംഘിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷണത്തിന് നേതൃത്വം നൽകിയ മുതിർന്ന സിവിൽ സർവന്‍റ് സുവു ഗ്രെ ബോറിസ് ജോൺസണ് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോറിസ് ജോൺസൺ പാർലമെന്‍റിനെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. അന്വേഷണത്തിന്റെ പ്രാഥമിക രൂപമായാണ് റിപ്പോർട്ടിനെ കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് നിയമങ്ങൾ പരസ്യമായി ലംഘിച്ചതിന് പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണോ എന്ന കാര്യം ബ്രിട്ടീഷ് പൊലീസ് തീരുമാനിക്കും. പരസ്യമായി കോവിഡ് നിയമലംഘനം നടത്തി ഇരട്ടത്താപ്പു കാണിച്ച ബോറിസ് ജോൺസണെതിരെ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനമുയർന്നിരുന്നു.
പ്രതിപക്ഷമായ ലേബർപാർട്ടിയും പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് രംഗത്തുവന്നു. പാർട്ടിയിൽ പങ്കെടുത്തതിന് ബോറിസ് ജോൺസൺ പിന്നീട് മാപ്പുപറഞ്ഞിരുന്നു.
2020 മേയിലാണ് ഡൗണിങ് സ്ട്രീറ്റിലെ 10ാം നമ്പർ ഔദ്യോഗിക വസതിയിൽ നിരവധി പേർ പങ്കെടുത്ത ആദ്യവിരുന്ന് നടന്നത്. 2020 ജൂണിലും വിരുന്ന് സംഘടിപ്പിച്ചിരുന്നു. വീടിനുള്ളിൽ രണ്ടാളുകൾക്ക് മാത്രം ഒരുമിക്കാൻ അനുമതിയുണ്ടായിരുന്ന കാലത്താണ് പ്രധാനമന്ത്രി ഇത്തരം ആഘോഷങ്ങൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.