ഹേ ബനാനേ, പോയി തരാമോ?
text_fieldsഒരു വാഴപ്പഴത്തെ ഭയപ്പെടാനെന്തിരിക്കുന്നു? താരതമ്യേന ചെലവു കുറഞ്ഞതും ആരോഗ്യദായകവുമായ ഒരു പഴവർഗം എന്നനിലക്ക് ‘ബനാന’ ഏവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ, പൗളീന ബ്രാൻഡ്ബെർഗിന് അത്ര പ്രിയപ്പെട്ടതല്ല ഈ ‘ബനാന’. ബനാനയോട് ‘കടക്ക് പുറത്ത്’ എന്നാണ് അവരുടെ നയം.
ചില്ലറക്കാരിയല്ല പൗളീന. സ്വീഡന്റെ കാബിനറ്റ് മന്ത്രിമാരിലൊരാളാണ്. ലിംഗസമത്വമാണ് പൗളീനയുടെ വകുപ്പ്. കഴിഞ്ഞദിവസം, പൗളീനയെക്കുറിച്ച് ഒരു വാർത്ത ‘എക്സ്പ്രഷൻ’ എന്ന സ്വീഡിഷ് പത്രം പുറത്തുവിട്ടു. തന്റെ ഓഫിസിലും സ്വകാര്യ മുറിയിലുമെല്ലാം മഞ്ഞനിറത്തിലുള്ള പഴവർഗങ്ങൾ വെക്കരുതെന്ന് അവർ ജീവനക്കാർക്ക് ഇ-മെയിൽ വഴി നിർദേശം നൽകിയത്രെ. മഞ്ഞനിറത്തിലുള്ള പഴങ്ങൾ പ്രത്യേകിച്ചും വാഴപ്പഴം കാണുന്നത് അവരിൽ ഭയം ജനിപ്പിക്കുന്നുവത്രെ. ഇത് പ്രത്യേകതരം മാനസികാവസ്ഥയാണ് (ഫോബിയ). ഈ ഭയം മൂലം അവരുടെ ജോലിയിലും മറ്റും ശ്രദ്ധ ചെലുത്താൻ കഴിയാതെ വന്നപ്പോഴാണ് ഇനി വാഴപ്പഴമടക്കമുള്ള മഞ്ഞപ്പഴങ്ങളെല്ലാം പരിസരത്തുനിന്ന് മാറ്റാൻ അവർ നിർദേശിച്ചത്.
സംഭവം വാർത്തയായപ്പോൾ, മന്ത്രിക്ക് ബനാന അലർജിയാണെന്നാണ് ഓഫിസ് വൃത്തങ്ങൾ ആദ്യം പറഞ്ഞത്. പിന്നീട്, പ്രത്യേകതരം ഫോബിയക്ക് അവർ ചികിത്സ തേടുന്നുവെന്ന് മന്ത്രിയുമായി അടുത്ത ബന്ധമുള്ളവർ വിശദീകരിച്ചു. വിഷയത്തിൽ, പ്രധാനമന്ത്രി ക്രിസ്റ്റേഴ്സണും പ്രതികരിച്ചിട്ടുണ്ട്. പൗളീനയുടെ ‘ഭയം’ ഒരു തരത്തിലും സർക്കാറിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും മന്ത്രിയുടെ ഓഫിസ് കഴിഞ്ഞദിവസം മുതൽ ‘ബനാന ഫ്രീ’ ആണെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.