അതിർത്തിയിൽ സമാധാനം: ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രിയെ കണ്ടു
text_fieldsബെയ്ജിങ്: അതിർത്തിയിൽ സമാധാനം നിലനിർത്തുകയും കിഴക്കൻ ലഡാക്കിലെ കൈയേറ്റത്തിന്റെ പേരിൽ നാലുവർഷമായി പ്രതിസന്ധിയിലായ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കലും ലക്ഷ്യമിട്ട് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയിൽ. അഞ്ചു വർഷത്തിനു ശേഷം ആദ്യമായി നടക്കുന്ന പ്രത്യേക പ്രതിനിധിതല ചർച്ചകൾക്കുള്ള ഇന്ത്യൻ സംഘത്തെ നയിച്ചാണ് ഡോവൽ ബെയ്ജിങ്ങിലെത്തിയത്. അവസാന ചർച്ച 2019ൽ ഡൽഹിയിലാണ് നടന്നത്.
കിഴക്കൻ ലഡാക്കിൽനിന്ന് സൈനിക പിന്മാറ്റത്തിന് ഒക്ടോബർ 21ന് ധാരണയായ പശ്ചാത്തലത്തിലാണ് തുടർവിഷയങ്ങൾ ചർച്ച ചെയ്യുന്ന ഉന്നതതല യോഗം. പൊതു ധാരണകളുടെ അടിസ്ഥാനത്തിലുള്ള ഉത്തരവാദിത്തങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധമാണെന്ന് നേരത്തേ ചൈന പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഒക്ടോബർ 24ന് റഷ്യയിലെ കസാനിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലെ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.
അതിർത്തിയിൽ സമാധാനം പാലിക്കുന്നതിനൊപ്പം അത് ശാശ്വതമാക്കാൻ പരസ്പര സമ്മതത്തോടെ പരിഹാരം കണ്ടെത്താനും ഉന്നതതല ചർച്ചകളിൽ ശ്രമം നടക്കും. മോദി- ജിൻപിങ് കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും സംഭാഷണം നടത്തിയിരുന്നു.
2020ലാണ് കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ചൈനീസ് കൈയേറ്റത്തെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഗൽവാൻ താഴ്വരയിൽ നടന്ന സംഘട്ടനം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധങ്ങൾ വഷളാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.