രാജ്യങ്ങളെ വരുതിയിലാക്കാനും പെഗസസ് ചൂണ്ട
text_fieldsന്യൂയോർക്: വിവിധ രാഷ്ട്രങ്ങളെ വരുതിയിലാക്കാനും പെഗസസ് സോഫ്റ്റ് വെയറിന്റെ സാധ്യതകൾ ഇസ്രായേൽ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. സോഫ്റ്റ് വെയർ ഇടപാടിൽ ഉൾപ്പെട്ട രാഷ്ട്രങ്ങൾ ക്രമേണ തങ്ങളുടെ പരമ്പരാഗത രാഷ്ട്രീയ നിലപാടുകൾ ഉപേക്ഷിച്ച് ഇസ്രായേലി നയതന്ത്ര ഭ്രമണപഥത്തിന്റെ ഭാഗമായതായും വ്യക്തമായി. ചില രാജ്യങ്ങൾ പൂർണമായും ഇസ്രായേലി പക്ഷത്തേക്ക് ചാഞ്ഞപ്പോൾ, ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ വിഷയം ചർച്ചക്കെടുക്കുന്ന ഘട്ടങ്ങളിൽ മറ്റു ചില രാജ്യങ്ങൾ തനിനിറം കാട്ടുകയും ചെയ്തു.
ദശകങ്ങളായി രാഷ്ട്രത്തെ വെല്ലുവിളിക്കുന്ന മയക്കുമരുന്ന് മാഫിയയെ നേരിടാനാണ് മെക്സിക്കോ പെഗസസ് സോഫ്റ്റ് വെയർ കൈക്കലാക്കിയത്. കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ മെക്സിക്കോയിൽ പ്രബല സാന്നിധ്യമായിരുന്ന ബ്ലാക്ക്ബെറിയുടെ മെസേജിങ് സംവിധാനത്തെ ഭേദിക്കാനുള്ള പഴുതാണ് അവർ തേടിയത്. പെഗസസിന്റെ നിർമാതാക്കളായ എൻ.എസ്.ഒ ഇസ്രായേലി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിയോടെ സോഫ്റ്റ് വെയർ കൈമാറുകയായിരുന്നു. അന്നത്തെ മെക്സിക്കൻ പ്രസിഡന്റ് ഫിലിപ്പി കാൽഡെറോണിന്റെ കാർമികത്വത്തിലായിരുന്നു ഇടപാട്. 2016 ൽ മയക്കുമരുന്ന് മാഫിയ തലവൻ എൽചാപോ എന്ന ജോക്വിം ഗുസ്മാനെ പിടികൂടാൻ മെക്സിക്കൻ പൊലീസിനെ സഹായിച്ചത് പെഗസസ് ആയിരുന്നു. എൽചാപോയുടെ ഫോണിലെ സകല വിവരങ്ങളും ചോർത്തിയ പെഗസസ് അയാൾക്കുമേൽ വല മുറുക്കാൻ പൊലീസിനെ സഹായിച്ചു.
ഇസ്രായേലുമായി തണുത്ത ബന്ധത്തിലായിരുന്ന മെക്സിക്കോയുടെ നിലപാടുകൾ പിന്നീട് നാടകീയമായി മാറിമറിഞ്ഞു. യു.എന്നിൽ സ്ഥിരമായി ഇസ്രായേലിനെതിരെ വോട്ട് ചെയ്തിരുന്ന മെക്സിക്കോ ക്രമേണ വോട്ടിങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തുടങ്ങി. 2016 ൽ മെക്സിക്കൻ പ്രസിഡന്റ് ഇസ്രായേലും തൊട്ടടുത്ത വർഷം ബെഞ്ചമിൻ നെതന്യാഹു മെക്സിക്കോയും സന്ദർശിച്ചു. ഒരു ഇസ്രായേലി പ്രധാനമന്ത്രി മെക്സിക്കോ സന്ദർശിക്കുന്നത് അതാദ്യമായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ യു.എന്നിലെ ഫലസ്തീൻ അനുകൂല നിലപാട് മെല്ലെ മെക്സിക്കോ മാറ്റി.
2014 ൽ 43 വിദ്യാർഥികളുടെ കൂട്ടക്കൊലക്കു പിന്നിൽ പ്രവർത്തിച്ചുവെന്ന് ആരോപണമുയർന്ന മെക്സിക്കൻ രഹസ്യാന്വേഷണ സംഘത്തലവൻ പിന്നീട് നാടുവിട്ട് ഇസ്രായേലിൽ രാഷ്ട്രീയ അഭയം തേടുകയും ചെയ്തു. പെഗസസ് ഇടപാടിൽ ഇടനിലക്കാരിലൊരാളായിരുന്നു ഇയാൾ. ഇയാളെ വിട്ടുനൽകണമെന്ന് മാറിവന്ന മെക്സിക്കൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഇസ്രായേൽ വഴങ്ങിയിട്ടില്ല.
2012ലാണ് എൻ.എസ്.ഒയുടെ ചാരസോഫ്റ്റ്വെയർ സംവിധാനം പാനമ സ്വീകരിക്കുന്നത്. പ്രസിഡന്റ് റിക്കാർഡോ മാർട്ടിനെല്ലിയുടെ പ്രത്യേക താൽപര്യത്തിലായിരുന്നു ഇടപാട്. 2008-09 കാലം മുതൽ തന്നെ ഇസ്രായേലുമായുള്ള പാനമയുടെ സൗഹൃദം ശക്തിപ്പെടുകയും യു.എന്നിലെ ചർച്ചകളിലും വോട്ടിങ്ങിലും ആ സുഹൃദ്ബന്ധം കൂടുതൽ വ്യക്തതയോടെ തെളിയാനും തുടങ്ങിയിരുന്നു.
നെതന്യാഹുവുമായി നടത്തിയ സ്വകാര്യ ചർച്ചകളിൽ ബ്ലാക്ബെറിയുടെ മെസേജിങ് സംവിധാനത്തിൽ കടന്നുകയറാൻ ശേഷിയുള്ള സോഫ്റ്റ്വെയറുകളുടെ സാധ്യത മാർട്ടിനെല്ലി തേടി. മാസങ്ങൾക്കുള്ളിൽ ഇസ്രായേൽ മറുപടിയുമായെത്തി. പാനമ സിറ്റിയിൽ 2012 ൽ എൻ.എസ്.ഒയുടെ സംവിധാനങ്ങൾ സ്ഥാപിച്ചതിനു പിന്നാലെ ഇസ്രായേലിന് അനുകൂലമായി യു.എന്നിൽ പലതവണ പാനമ വോട്ട് ചെയ്തു. ഫലസ്തീൻ പ്രതിനിധി സംഘത്തിന്റെ പദവി ഉയർത്തുന്നതിനുള്ള വോട്ടിങ്ങായിരുന്നു ഇതിൽ പ്രധാനം. 138 രാജ്യങ്ങൾ ഫലസ്തീന് അനുകൂലമായി വോട്ടു ചെയ്തപ്പോൾ, ഇസ്രായേലും പനാമയും മറ്റ് ഏഴുരാജ്യങ്ങളും മാത്രമാണ് എതിർത്തത്.
തന്റെ രാഷ്ട്രീയ എതിരാളികൾക്കും പ്രതിപക്ഷത്തിനും എതിരെ മാത്രമല്ല, സ്വന്തം പങ്കാളിക്കെതിരെയും മാർട്ടിനെല്ലി ഇസ്രായേലി സോഫ്റ്റ്വെയർ ഉപയോഗിച്ചുവെന്ന ആക്ഷേപം പിന്നീടുയർന്നു. 2014 ൽ മാർട്ടിനെല്ലി അധികാര ഭ്രഷ്ടനാകുന്നതുവരെ ഇതുതുടർന്നു. പിന്നാലെ മാർട്ടിനെല്ലിക്ക് രാഷ്ട്രം വിടേണ്ടിവന്നു.
പോളണ്ട് പെഗസസ് സോഫ്റ്റ്വെയർ വാങ്ങുന്നത് 2016 ലായിരുന്നു. പ്രധാനമന്ത്രി ബീറ്റ സിഡ്ലോയും വിദേശകാര്യ മന്ത്രി വിറ്റോൾഡ് വാഷിസ്കോവ്സ്കിയും ആയിരുന്നു ഇടപാടിന് പിന്നിൽ. രാജ്യത്തിന്റെ അഴിമതി വിരുദ്ധ ബ്യൂറോക്കുവേണ്ടി എന്ന പേരിലാണ് വാങ്ങിയതെങ്കിലും പ്രതിപക്ഷം തന്നെയായിരുന്നു പ്രധാന ലക്ഷ്യം. 2021 ഡിസംബറിൽ സിറ്റിസൺ ലാബ് പുറത്തുവിട്ട റിപ്പോർട്ടിൽ പോളിഷ് പ്രതിപക്ഷത്തെ പ്രമുഖരായ മൂന്നുപേരെ നിരീക്ഷിച്ചിരുന്നുവെന്ന് വ്യക്തമാക്കി.
പ്രതിപക്ഷത്തെ തകർക്കാനുള്ള ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാന്റെ നീക്കങ്ങൾക്കും പെഗസസ് ചൂട്ടുപിടിച്ചുവെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിപക്ഷ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവരെയും ഒർബാൻ ഇതുവഴി നിരീക്ഷിച്ചു. യൂറോപ്യൻ യൂനിയനിൽ ഇസ്രായേലിന്റെ ഉറച്ച ശബ്ദമായി ഒർബാൻ മാറുന്നതാണ് പിന്നീട് കണ്ടത്. 2020 ൽ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ ഇസ്രായേലിനൊപ്പം കൂട്ടിച്ചേർക്കാനുള്ള നെതന്യാഹു സർക്കാറിന്റെ വിവാദ തീരുമാനത്തെ അപലപിക്കാത്ത അപൂർവം രാഷ്ട്രനേതാക്കളിലൊരാളായിരുന്നു ഒർബാൻ.
2020 മേയിൽ ഇസ്രായേലിന്റെ ഗസ്സ ആക്രമണം അവസാനിപ്പിക്കാനുള്ള യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ വെടിനിർത്തൽ നിർദേശത്തിനൊപ്പം നിൽക്കാനും ഹംഗറി വിസമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.