നെതന്യാഹുവിന്റെ മകനുൾപ്പെടെ ഉന്നതരുടെ ഫോണുകളിൽ പെഗസസ് ഉപയോഗിച്ചു; അന്വേഷണം
text_fieldsജറൂസലം: മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ മകനുൾപ്പെടെ നിരവധി ഉന്നതരുടെ ഫോണുകളിൽ ഇസ്രായേൽ പൊലീസ് നിയമവിരുദ്ധമായി ചാര സോഫ്റ്റ് വെയറായ പെഗസസ് ഉപയോഗിച്ചതായി റിപ്പോർട്ട്. ആക്റ്റിവിസ്റ്റുകൾ, ബിസിനസുകാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവരുടെ ഫോണുകളിൽ സമാനരീതിയിൽ പെഗസസ് ഉപയോഗിച്ചുവെന്നും ഇസ്രായേലിലെ ബിസിനസ് ദിനപത്രം കാൽകലിസ്റ്റ് റിപ്പോർട്ട് ചെയ്തു. കോടതിയുടെ നിർദേശമില്ലാതെ നെതന്യാഹുവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച നേതാക്കളുടെ ഫോണുകളിലും പെഗസസ് ഉപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.
നെതന്യാഹുവിനെതിരായ അഴിമതി വിചാരണയിൽ മുഖ്യസാക്ഷികളും ഈ പട്ടികയിൽ ഉൾപ്പെടും. നെതന്യാഹുവിന്റെ മകൻ അവ്നർ, രണ്ട് കമ്യൂണിക്കേഷൻസ് ഉപദേഷ്ടാക്കൾ, അഴിമതികേസിലെ സാക്ഷി എന്നിവർക്കെതിരായും പെഗസസ് ഉപയോഗിച്ചു.
അഴിമതിക്കേസിലെ സാക്ഷിയായ ഷ്ളോമോ ഫിൽബറിന്റെ ഫോൺ ഹാക് ചെയ്തതിന് തെളിവുണ്ട്. ഇദ്ദേഹത്തെ വിചാരണചെയ്യുന്നത് നീട്ടിവെക്കണമെന്ന് നെതന്യാഹുവിന്റെ അഭിഭാഷകർ ആവശ്യപ്പെടാനും സാധ്യതയുണ്ട്. പുതിയ റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ ഇസ്രായേൽ പൊലീസ് തയാറായില്ല.
അതിനിടെ, ഉന്നതരുടെ ഫോണുകളിൽ പൊലീസ് അനധികൃതമായി പെഗസസ് ഉപയോഗിച്ചുവെന്ന റിപ്പോർട്ട് ഗൗരവമാർന്നതാണെന്നും അന്വേഷിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അറിയിച്ചു. റിപ്പോർട്ടിനെ കുറിച്ച് അന്വേഷണം നടത്താൻ കമ്മീഷനെ നിയമിക്കണമെന്ന് പൊതുസുരക്ഷ മന്ത്രി നീതിന്യായ വിഭാഗത്തോട് ആവശ്യപ്പെടും. അനുമതി ലഭിച്ചാൽ റിട്ട. ജഡ്ജിയടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് നിയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.